നസീം പിടിച്ചു നിർത്തി,കുത്തിയത് ശിവരഞ്ജിത്ത്; ഇരുവർക്കും മുൻവൈരാഗ്യം ഉണ്ടായിരുന്നെന്നും അഖിലിന്റെ മൊഴി

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ തന്നെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ പൊലീസിന് മൊഴി നൽകി. യൂണിറ്റ് സെക്രട്ടറി നസീം തന്നെ പിടിച്ചു നിർത്തിക്കൊടുത്തെന്നും ശിവരഞ്ജിത്ത് കുത്തിയെന്നുമാണ് അഖിൽ മൊഴി നൽകിയിരിക്കുന്നത്. ഇരുവർക്കും തന്നോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്നും അഖിലിന്റെ മൊഴിയിലുണ്ട്. തന്നോട് പാട്ടുപാടരുതെന്നും ക്ലാസിൽ പോകണമെന്നും യൂണിറ്റ് കമ്മിറ്റിയിലെ ചിലർ ആവശ്യപ്പെട്ടിരുന്നു.
യൂണിറ്റ് കമ്മിറ്റിയുടെ നിർദേശം അനുസരിക്കാത്തതിന് തനിക്കെതിരെ വിരോധമുണ്ടായിരുന്നെന്നും അഖിൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രശ്‌നം അടിച്ചു തീർക്കാമെന്ന് നസീം പറഞ്ഞെന്നും പ്രതികളുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നെന്നും മൊഴിയിലുണ്ട്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കാനെത്തിയത്. തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ നേരത്തെ ഡോക്ടർക്ക് മൊഴി നൽകിയിരുന്നു. അഖിലിനെ കുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെയുള്ള 6 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here