ലോകകപ്പ് തുടങ്ങുന്നതിനു തലേ ദിവസം കസിൻ വെടിയേറ്റു മരിച്ചു; ജോഫ്ര ആർച്ചർ കളിച്ചത് കടുത്ത ദുഖം ഉള്ളിലൊതുക്കി

ഇംഗ്ലണ്ട് പ്രഖ്യാപിച്ച ആദ്യ ലോകകപ്പ് സ്ക്വാഡിൽ ജോഫ്ര ആർച്ചർ ഉണ്ടായിരുന്നില്ല. എന്നാൽ പാക്കിസ്ഥാൻ, അയർലൻഡ് പരമ്പരകൾക്കുള്ള ടീമിൽ ഇടം പിടിക്കുകയും പരമ്പരകളിലെ പ്രകടനം ജോഫ്രയെ ലോകകപ്പിനുള്ള അവസാന സ്ക്വാഡിലെത്തിക്കുകയും ചെയ്തു. ലോകകപ്പ് അവസാനിച്ചപ്പോൾ 11 മത്സരങ്ങളിൽ നിന്ന് ജോഫ്ര നേടിയത് 20 വിക്കറ്റുകൾ. ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റുകൾ നേടിയ ജോഫ്രയുടെ ഡെത്ത് ഓവർ സ്കില്ലുകളാണ് ഒരു പരിധി വരെ ഇംഗ്ലണ്ടിനു ലോകകപ്പ് നേടിക്കൊടുത്തതെന്ന് പറയാം. എന്നാൽ ലോകകപ്പിൽ ജോഫ്ര കളിച്ചത് കടുത്ത ദുഖം ഉള്ളിലൊതുക്കിയാണെന്നാണ് താരത്തിൻ്റെ പിതാവ് പറയുന്നത്.

ലോകകപ്പ് തുടങ്ങുന്നതിന് തലേ ദിവസം ജോഫ്രയുടെ കസിൻ വെടിയേറ്റു മരിച്ചിരുന്നു. കിഴക്കന്‍ ബാര്‍ബഡോസിലെ സെന്റ് ഫിലിപ്പിലെ വസതിക്ക് മുന്‍പില്‍ വെച്ചായിരുന്നുമരണം. ഈ ആഘാതത്തെ അതിജീവിച്ചാണ് ലോകകപ്പില്‍ ആര്‍ച്ചര്‍ കളിച്ചത്. കൊല്ലപ്പെട്ട കസിനുമായി അടുത്ത ബന്ധമാണ് ആര്‍ച്ചറിനുണ്ടായതെന്ന് താരത്തിന്റെ പിതാവ് പറയുന്നു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ആര്‍ച്ചറിന് അവന്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ആര്‍ച്ചറെ അത് വല്ലാതെ ബാധിച്ചു. പക്ഷേ അവന് മുന്നോട്ടു പോവേണ്ടിയിരുന്നുവെന്നും ജോഫ്ര ആര്‍ച്ചറുടെ പിതാവ് പറയുന്നു.

ജോഫ്രയുടെ ബ്രിട്ടീഷ് പൗരത്വത്തെ പലരും ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നതിലൂടെ എല്ലാവര്‍ക്കും പ്രചോദനമാവുകയാണ് ജോഫ്ര ചെയ്യുന്നത്. കാരണം, ക്രിക്കറ്റ് യോഗ്യന്മാരുടെ കളിയായാണ് കണക്കാക്കപ്പെടുന്നത് എന്നും താരത്തിന്റെ പിതാവ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top