അയോധ്യ കേസ്; മധ്യസ്ഥശ്രമം വിജയം കണ്ടില്ലെങ്കിൽ ആഗസ്റ്റ് രണ്ട് മുതൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി

അയോധ്യ കേസിൽ ഈ മാസം 31നകം മധ്യസ്ഥശ്രമം വിജയം കണ്ടില്ലെങ്കിൽ ആഗസ്റ്റ് രണ്ട് മുതൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എഫ്.എം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്ത് രണ്ടിന് വാദം കേൾക്കാൻ ദിവസം കുറിക്കുകയാണെന്നും മധ്യസ്ഥശ്രമങ്ങളുടെ തൽസ്ഥിതിയും പുരോഗതിയും വ്യക്തമാക്കി ജൂലൈ 31ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മൂന്നംഗ മധ്യസ്ഥ സംഘത്തിന്റെ മധ്യസ്ഥ ശ്രമങ്ങൾ ഫലപ്രദമല്ലെന്നും കേസിൽ നേരത്തെ വാദ ംകേൾക്കണമെന്നുമാവശ്യപ്പെട്ട് അന്യായക്കാരൻ ഗോപാൽ സിംഗ് ഈ മാസം ഒമ്പതിന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആഗസ്ത് 15ന് സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും വാദം കേൾക്കൽ എന്നാണ് കോടതി നേരത്തെ തീരുമാനമെടുത്തത്. എന്നാൽ, അന്യായക്കാരന്റെ ഹർജിയെ തുടർന്ന് മധ്യസ്ഥ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ മാർച്ച് എട്ടിനാണ് അയോധ്യ കേസിൽ മധ്യസ്ഥ സമിതി രൂപീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. എഫ് എം ഖഫീലുള്ളയെ കൂടാതെ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു, യോഗാചാര്യൻ ശ്രീ ശ്രീ രവിശങ്കരാണ് സമിതി അംഗങ്ങൾ. അയോധ്യ ഭൂമി തർക്ക വിഷയത്തിൽ മൂന്നംഗ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ നിർമ്മോഹി അഘാര, സുന്നി വഖഫ് ബോർഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവർക്ക് തുല്യമായി വീതിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് കോടതി സമതിയെ നിയോഗിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here