എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ സമരം; ചർച്ചയ്ക്ക് തയ്യാറെന്ന് സഭാ നേതൃത്വം

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ സമരത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് സഭാ നേതൃത്വം. സ്ഥിരം സിനഡ് നിയോഗിക്കുന്ന മധ്യസ്ഥൻ വൈദികരുമായി ചർച്ച നടത്തും. പ്രശ്‌നം ചർച്ച ചെയ്യാൻ വൈകിട്ട് 3 മണിക്ക് സ്ഥിരം സിനഡ് യോഗം ചേരും.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഭരണച്ചുമതലകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ നടത്തുന്ന ഉപവാസ സമരം തുടരുകയാണ്. സ്ഥിരം സിനഡ് അംഗങ്ങൾ ചർച്ച നടത്താതെ പിന്മാറില്ലെന്ന നിലപാടിലാണ് വൈദികർ. ഇതോടെയാണ് ഇടഞ്ഞു നിൽക്കുന്ന വൈദികരുടെ പ്രതിനിധികളെ സഭാ നേതൃത്വം ചർച്ചയ്ക്ക് ക്ഷണിച്ചത്. കർദിനാളുമായി ഇനി ചർച്ചയ്ക്കില്ലെന്ന് വൈദികർ വ്യക്തമാക്കിയിരുന്നു. ഇതോടെ സ്ഥിരം സിനഡിനു വേണ്ടി ഒരു മധ്യസ്ഥനെ നിയോഗിക്കാനാണ് നീക്കം. എന്നാൽ വൈദികർക്ക് പൂർണമായും വഴങ്ങില്ലെന്ന നിലപാടിലാണ് സഭാ നേതൃത്വം. വ്യാജരേഖക്കേസ് പിൻവലിക്കില്ല. എന്നാൽ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പിനെ നിയമിക്കും.
ഇത് സംബന്ധിച്ച പ്രഖ്യാപനം സമ്പൂർണ സിനഡിന് ശേഷം ഉണ്ടാകും. അതേസമയം 2 ദിവസത്തിനകം പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ വിശ്വാസികൾ ഇടപെടുമെന്ന് കർദിനാൾ പക്ഷ അൽമായ നേതാക്കൾ പറഞ്ഞു. സ്ഥിരം സിനഡിന്റെ തീരുമാനം കാത്തിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി. ഉപവാസം നടത്തുന്ന ഫാ. ജോസഫ് പാറേക്കാട്ടിലിന് പിന്തുണ അറിയിച്ച് കർദിനാൾ വിരുദ്ധ ചേരിയിലെ വിശ്വാസികളും വൈദികരും എത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here