ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള 18 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള 18 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം. ഇവരെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇന്നലെ ഇറാന്‍ കണ്ടുകെട്ടിയത്.
അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയത്. ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ.
കപ്പല്‍ തീരത്തടുപ്പിച്ച് ഹോര്‍മോസ്ഗന്‍ തുറമുഖഅധികാരികള്‍ക്ക് കൈമാറിയെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ചെറിയ കപ്പലുകളും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയായിരുന്നുവെന്ന് സ്റ്റെനാ ഇംപേരോയുടെ ഉടമയായ കമ്പനി പറഞ്ഞു. കപ്പല്‍ ഇറാനിലേക്ക് നീങ്ങുകയാണെന്നും ജീവനക്കാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വ്യാഴാഴ്ച ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശനമേഖലയില്‍ തങ്ങളുടെ സൈനിക കപ്പലിനു ഭീഷണിയുയര്‍ത്തിയ ഇറാന്റെ ഡ്രോണ്‍ തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ സൈനിക ഇടപെടലാണിത്. ആകെ 23 ജീ വനക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്താന്‍ നടപടികള്‍ പുരോഗമിയ്ക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശുഭകരമായ വാര്‍ത്ത നല്‍കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുകയാണെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here