പുനലൂരിൽ വ്യവസായി സുഗതന്റെ ആത്മഹത്യ; വർക്ക് ഷോപ്പിനുള്ള അനുമതി അട്ടിമറിച്ച് പഞ്ചായത്ത്

പുനലൂരിൽ ആത്മഹത്യ ചെയ്ത വ്യവസായി സുഗതന്റെ വർക്ക് ഷോപ്പിനുള്ള അനുമതി അട്ടിമറിച്ച് വിളക്കുടി പഞ്ചായത്ത്. വർക്ക് ഷോപ്പിന് താൽക്കാലിക ലൈസൻസ് അനുവദിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുമ്പോഴും ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സെക്രട്ടറിയുടെ നിലപാട്.
സുഗതൻ ആത്മഹത്യ ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും വർക് ഷോപ്പിന് ലൈസൻസ് നൽകിയില്ലെന്ന വാർത്ത ട്വന്റിഫോറാണ് പുറത്ത് കൊണ്ടുവന്നത്. സംഭവം വിവാദമായതോടെ താൽക്കാലിക ലൈസൻസ് നൽകിയിട്ടുണ്ടെന്നും സ്ഥിര ലൈസൻസ് ഒരാഴ്ചക്കകം നൽകുമെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. എന്നാൽ ലൈസൻസ് നൽകുന്നതിനെതിരെ സിപിഐ ശക്തമായ നിലപാടാണ് സ്വീകരിച്ചത് .ഇതോടെ വർക് ഷോപ്പിന്റെ ലൈസൻസ് വീണ്ടും പ്രതിസന്ധിയിലായി.
ഇതിനിടെ വസ്തു ഉടമയെ സ്വാധീനിച്ച് വർക് ഷോപ്പ് ഒഴിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. ഇതിന് പിന്നാലെയാണ് വർക് ഷോപ്പിന് താൽക്കാലിക ലൈസൻസ് പോലുമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സെക്രട്ടറി നൽകിയിട്ടുള്ള മറുപടി. ലൈസൻസ് നൽകുന്ന നടപടി അട്ടിമറിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം. 2018 ഫെബ്രുവരിയിലാണ് വർക് ഷോപ്പിന് മുന്നിൽ സിപിഐ, എഐവൈഎഫ് പ്രവർത്തകർ കൊടി കുത്തിയതിൽ മനംനൊന്ത് സുഗതൻ ആത്മഹത്യ ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here