ഇന്നത്തെ പ്രധാന വാർത്തകൾ ( 20-07-19)
മുൻ ഡെൽഹി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. അൽപ്പസമയം മുമ്പാണ് ഷീല ദീക്ഷിത് അന്തരിച്ചത്.
അനങ്ങൻമല ക്വാറി വിരുദ്ധ സമരം ഒതുക്കാൻ പണം ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്
അനങ്ങൻമല ക്വാറി സമരം ഒതുക്കാനാണ് ഒറ്റപ്പാലം വരോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇടനിലക്കാരനായി പണം ആവശ്യപ്പെട്ടത്. കൗൺസിലർമാർ അടക്കമുള്ളവരെ താൻ പറഞ്ഞ് നിർത്താമെന്നും മുഹമ്മദ് എന്ന വാപ്പു പറയുന്നു.ക്വാറി മുതലാളിയുടെ മാനേജരെന്ന പേരിൽ വിളിച്ച 24 പ്രതിനിധി ശ്രീജിത്ത് ശ്രീകുമാരനോടാണ് മണ്ഡലം പ്രസിഡന്റ് ഇടപാട് സംസാരിച്ചത്. 24 എക്‌സ്‌ക്ലൂസീവ്.
സോൻഭദ്രയിലെ പ്രതിഷേധം പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു; ഡൽഹിയിലേക്ക് മടങ്ങും
സോൻഭദ്രയിലെ പ്രതിഷേധം പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു. ഭൂമിതർക്കത്തെ തുടർന്ന് സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കാണാനെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ചത്. സോൻഭദ്രയിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രിയങ്ക ധർണയിരുന്ന് പ്രതിഷേധിച്ചത്. പ്രിയങ്കയുടെ പ്രതിഷേധം 24 മണിക്കൂർ നീണ്ടു.
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസ സമരം ഒത്തുതീർന്നു
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസ സമരം അവസാനിപ്പിച്ചു. വൈദികർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയതോടെയാണ് ഉപവാസ സമരം അവസാനിപ്പിച്ചത്. താൽക്കാലികമായാണ് സമരം അവസാനിപ്പിച്ചതെന്നും വൈദികർ പറഞ്ഞു.
വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികൾ തിരിച്ചെത്തി
വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികൾ തിരിച്ചെത്തി. അൽപസമയം മുൻപാണ് മത്സ്യ തൊഴിലാളികൾ തിരിച്ചെത്തിയത്. ആന്റണി, ബെന്നി, യേശുദാസൻ, ലൂയിസ് എന്നിവരാണ് തിരിച്ചെത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് മത്സ്യ തൊഴിലാളികളെ കാണാതായത്. ഇവർക്കായി ഹെലികോപ്റ്ററിന്റെ സഹായത്തോടെ കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി കെഎസ്‌യു
യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി കെഎസ്‌യു. മന്ത്രിമാരെയും സർവകലാശാല, പിഎസ്‌സി അധികൃതരെയും വഴിയിൽ തടയുന്നത് അടക്കമുള്ള പ്രതിഷേധങ്ങൾക്കാണ് പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ ആസൂത്രണം ചെയ്യുന്നത്. കെഎസ്‌യു സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here