വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും പ്രളയ ദുരിതം രൂക്ഷമാകുന്നു; മരണനിരക്ക് നൂറ്റിയന്‍പതായി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും പ്രളയ ദുരിതം രൂക്ഷമായി തുടരുന്നതിനിടെ മരണനിരക്ക് നൂറ്റിയന്‍പതായി. അസമില്‍ അറുനൂറ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന്റെയും ദുരന്തനിവാരണ ഏജന്‍സികളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.

അസമിലെ ഇരുപത്തിനാല് ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. പല മേഖലകളിലും മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളമിറങ്ങി തുടങ്ങിയില്ല. ഒന്നര ലക്ഷം ഹെക്ടര്‍ പാടങ്ങള്‍ നശിച്ചുവെന്നാണ് പ്രാഥമിക കണക്ക്. മൂവായിരത്തില്‍പ്പരം ഗ്രാമങ്ങളെ പ്രളയം നേരിട്ട് ബാധിച്ചു. ദുരന്തബാധിതരെ ക്യാംപുകളില്‍ എത്തിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

ഒന്നര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ ഉണ്ടെന്ന് അസം ദുരന്ത നിവാരണ സേനാ അതോറിറ്റി അറിയിച്ചു. ബിഹാറില്‍ പന്ത്രണ്ട് ജില്ലകളിലാണ് പ്രളയം ദുരന്തം വിതച്ചത്. പഞ്ചാബിലെ ഏഴു ജില്ലകളില്‍ പ്രളയ സമാനമായ സാഹചര്യമാണ്. ഹിമാചല്‍പ്രദേശിലും മഴ ദുരിതപെയ്ത്ത് തുടരുന്നു. ഇരുപത്തിയാറാം തീയതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top