ഉത്തരാഖണ്ഡിൽ പെൺഭ്രൂണഹത്യ?; മൂന്ന് മാസത്തിനിടെ ഒരു പെൺകുഞ്ഞ് പോലും പിറക്കാതെ ഉത്തരകാശി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മൂന്നു മാസത്തിനിടെ ഒരു പെൺകുഞ്ഞ് പോലും പിറന്നിട്ടില്ലെന്ന് റിപ്പോർട്ട്. ഇക്കാലയളവിൽ ഇവിടുത്തെ 216 ജനനങ്ങളെല്ലാം ആൺകുഞ്ഞുങ്ങളാണ്. ഉത്തരകാശിയിലെ 132 ഗ്രാമങ്ങളിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വരുന്നത്. ഇതേതുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇത് വന്‍തോതിലുള്ള പെണ്‍ ഭ്രൂണഹത്യയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ​ഗ്രാമത്തിലെ ​ഗർഭം അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. അടുത്ത ആറുമാസത്തേക്ക് ഗ്രാമത്തില്‍ നടക്കുന്ന ജനനങ്ങളും ഗർഭങ്ങളുമടക്കമുള്ളവ നിരീക്ഷിക്കും. ഇതിനായി ആശാ വർക്കർമാരെ നിയമിച്ചിട്ടുണ്ട്. സാഹചര്യം മെച്ചപ്പെട്ടില്ലെങ്കില്‍ ഇവർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കുറ്റക്കാരെന്നു കണ്ടെത്തുന്ന കുടുംബങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആശിഷ് ചൗഹാന്‍ അറിയിച്ചു.

അപൂർവമായേ ഭ്രൂണഹത്യകളെ കുറിച്ച് കേട്ടിട്ടുള്ളൂവെന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും ​ഗം​ഗോത്രി എംഎൽഎ ​ഗോപാൽ റാവത്ത് പ്രതികരിച്ചു. പ്രശ്നത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ താൻ ആരോ​ഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. കണക്കുകൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാനും പ്രശ്നം പരിഹരിക്കാനും നിർദേശിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെയും എൻജിഒകളുടേയും സഹായത്തോടെ പെൺ ഭ്രൂണഹത്യയ്ക്കെതിരെയും പെൺകുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവൽക്കരണം നടത്തുമെന്നും എംഎൽഎ അറിയിച്ചു.

2011-ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ സ്ത്രീ- പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്താണ് ഉത്തരകാശി. ആയിരം പുരുഷന്മാര്‍ക്ക് 963 സ്ത്രീകള്‍ എന്നാണ് കണക്ക്. നൂറുവര്‍ഷം മുമ്പ് ജില്ലയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളായിരുന്നു കൂടുതൽ. 1901-ല്‍ 1015 സ്ത്രീകളാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. 1931-ഓടുകൂടിയാണ് ഇതില്‍ കുറവുവന്നത്. 2011-ലെ സെന്‍സസ് പ്രകാരം നഗരങ്ങളിലേക്കാള്‍ ഗ്രാമീണ മേഖലകളിലാണ് അനുപാതം മെച്ചപ്പെട്ട നിലയിലുള്ളത്. നഗരമേഖലകളിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ ഏറ്റവും പിന്നിലുള്ളത് ഉത്തരാഖണ്ഡാണ്, 816. ഹരിയാനയാണ് തൊട്ടടുത്ത്, 833. ഛത്തീസ്ഗഢിലാണ് ഏറ്റവും മികച്ച അനുപാതം, 961. ബിജെപിയുടെ ത്രിവേന്ദ്ര സിങ് റാവത്താണ് സംസ്ഥാന മുഖ്യമന്ത്രി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top