Advertisement

യൂണിവേഴ്‌സിറ്റി കോളേജിലെ അവസാനത്തെ കെഎസ്‌യു ചെയര്‍മാന്‍ എന്ന പദവിയും എനിക്ക് മാറിക്കിട്ടണം; ഡോ.എസ്എസ് ലാല്‍

July 22, 2019
Google News 0 minutes Read

കലാലയ രാഷ്ട്രീയത്തിന്റെ കലുഷിതമായ ദിവസങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്ന് ക്ലാസുകള്‍ പുനരാരംഭിച്ചു. പുതിയ സ്ഥിരം പ്രിന്‍സിപ്പല്‍ ചുമതലയേറ്റു എന്നതിനപ്പുറം പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്‌യു കോളേജില്‍ പുതിയ യൂണിറ്റ് തുറന്നു. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് കോളേജില്‍
രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നതും വിദ്യാര്‍ത്ഥിക്ക്‌ പരിക്കേല്‍ക്കുന്നതും.

സഹനവും പങ്കിടലും നയിക്കലുമൊക്കെയാണ് കലാലയത്തിന്റെ അന്തസത്ത. പലപ്പോഴും വഴുതി മാറുന്ന കലാലയ രാഷ്ട്രീയം കലാലയത്തിന്റെ മഹനീയമായ സ്‌നേഹ സഹകരണങ്ങളെ വിദ്യാലയത്തിന്റെ കറുത്ത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെടുന്നു. കക്ഷി രാഷ്ട്രീയമന്യേ അവസരങ്ങള്‍ക്കു മുന്നില്‍ എല്ലാവരും സമന്‍മാരാണ്.

കലാലയത്തിന്റെ ഓര്‍മ്മകളെ ഒരിക്കല്‍ കൂടെ ഓര്‍മ്മപ്പെടുത്തുകയാണ് കേരള യൂണിവേഴ്‌സിറ്റിയിലെ അവസാന കെഎസ്‌യു ചെയര്‍മാനായ ഡോ.എസ്എസ് ലാല്‍. 1971ല്‍ എംഎം ഹസ്സനു ശേഷമാണ് ഡോ.എസ്എസ് ലാല്‍ യൂണിവേഴ്‌സിറ്റി കേളേജ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കോളേജില്‍ എസ്എഫ്‌ഐ മാത്രം തുടര്‍ച്ചയായ വിജയം ആവര്‍ത്തിക്കുമ്പോളാണ് 1981ല്‍  കെഎസ്‌യു  അധികാരത്തിലെത്തുന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്‌യു  യൂണിറ്റ് ആരംഭിക്കുമ്പോള്‍ തന്റെ കലാലയ രാഷ്ട്രീയത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയലൂടെ പങ്കുവെച്ചിരിക്കുകയാണ് ഡോ.എസ്എസ് ലാല്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പുതിയ യൂണിവേഴ്‌സിറ്റി കോളേജിനോട് യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്ന് തുടങ്ങിയത് ഒരു പുതിയ കാലഘട്ടമാണ്. അത് കൊണ്ടാടുക തന്നെ വേണം. എല്ലാ പാര്‍ട്ടികളും. എല്ലാ ജനാധിപത്യ വിശ്വാസികളും. എസ്എഫ്‌ഐയും സന്തോഷിക്കണം. ക്യാന്‍സര്‍ രോഗം സുഖപ്പെടുന്നതുപോലെ.

മൂന്നിലൊന്ന് മനുഷ്യരെങ്കിലും കോണ്‍ഗ്രസ് അനുകൂലികളായ, ഇരുപതില്‍ പതിനാറു സീറ്റിലും കോണ്‍ഗ്രസുകാര്‍ ജയിച്ച് എംപി മാരായ, സ്വാതന്ത്ര്യത്തിനു ശേഷം പകുതിക്കാലം കോണ്‍സ് ഭരിച്ച ഒരു സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാന കോളേജില്‍ കെഎസ്‌യു. യൂണിറ്റ് തുടങ്ങാന്‍ അനുവദിക്കാതിരുന്നത് ചിലരുടെ കയ്യൂക്കിന്റെ ബലത്തില്‍ മാത്രമായിരുന്നു. കവലച്ചട്ടമ്പിമാര്‍ക്ക് ഉള്ളതിനെക്കാള്‍ അല്‍പവും മാന്യത കൂടുതലില്ലാത്ത കയ്യൂക്ക്. പതിറ്റാണ്ടുകള്‍ ഒരു കോളേജിനെ ശ്വാസം മുട്ടിച്ച ആ കയ്യൂക്ക് അയഞ്ഞു കഴിഞ്ഞു. ലക്ഷ്യം തെറ്റിയ ഒരു കത്തി ആ കയ്യൂക്കിനെക്കൂടി അറുത്തിട്ടു.

കലാലയങ്ങള്‍ പുസ്തകങ്ങള്‍ പഠിക്കാന്‍ മാത്രമുള്ളതല്ല. പഠിക്കാന്‍ മാത്രമെങ്കില്‍ അതിന് ലൈബ്രറിയോ ട്യൂഷന്‍ സെന്ററോ ഒക്കെ മതി. കോളേജുകളില്‍ ജീവിതമാണ് പഠിക്കേണ്ടത്. സ്‌നേഹിക്കാനാണ് പഠിക്കേണ്ടത്. പങ്കിടാനാണ് പഠിക്കേണ്ടത്. നയിക്കാനാണ് പഠിക്കേണ്ടത്. ഇതെല്ലാം ചെയ്യുമ്പോഴും പഠിക്കാനും മറന്നു പോകാതെ.

ഈ വിജയം കെഎസ്യു നേടിയതല്ല. വീണു കിട്ടിയ അവസരമാണ്. മാധ്യമങ്ങളാണ് സഹായിച്ചത്. അതവരുടെ നിഷ്പക്ഷത തന്നെയാണ്. ഇടതു ചായ്വുള്ള പത്രക്കാരും ടെലിവിഷന്‍കാരും എസ്എഫ്‌ഐ യെ നിശിതമായി വിമര്‍ശിച്ചത് കാണാതെ പോകരുത്.

എസ്എഫ്‌ഐയുടെ അക്രമം മാത്രമല്ല കെഎസ്‌യു. വിനെ തകര്‍ത്തത്. അതിനാല്‍ ഒരു ആത്മ പരിശോധനയോടെ കെഎസ്‌യു വും തുടങ്ങണം. എസ്എഫ്‌ഐ യുമായി മത്സരിക്കുകയാണ് വേണ്ടത്. ജനാധിപത്യം പരിശീലിക്കാന്‍. തിരികെ അവരുടെ തലയടിച്ചു പൊട്ടിക്കുകയല്ല ചെയ്യേണ്ടത്. എല്ലാ തലകളും വിലപ്പെട്ടതാണ്. അവരവരുടെ കുടുംബാംഗങ്ങള്‍ക്കെങ്കിലും അക്രമങ്ങള്‍ ഇനി ഒളിച്ചുവക്കാനും പാടാണ്. ആര്‍ക്കും. അത്രയ്ക്ക് കാമറക്കണ്ണുകളാണ് ചുറ്റിനും. ആ കണ്ണുകള്‍ കെഎസ്‌യു വിനും കൂട്ടിനുണ്ടാകും. നല്ല കാര്യങ്ങള്‍ മാത്രം ചെയ്താല്‍.

എസ്എഫ്‌ഐക്ക് ഇതു നല്ല പാഠമാണ്. എതിര്‍ക്കുന്നവരെയെല്ലാം തല്ലിയോടിച്ചിട്ട് ചെങ്കോട്ടയെന്ന് ബാനറെഴുതിക്കെട്ടിയാല്‍ ഒരിടവും ചുവക്കില്ല. ഉള്ള ചുവപ്പും കാലത്തില്‍ മായും. വ്യാജ കോട്ടകള്‍ എക്കാലവും ഒരാള്‍ക്കും സംരക്ഷിക്കാനാകില്ല. ഒരു സര്‍ക്കാരിനും. സ്വാതന്ത്യത്തിന്റെയും സുനാമികള്‍ ഇടയ്‌ക്കെങ്കിലും ഉണ്ടാകും. ഭീഷണിയുടെ കോട്ടകള്‍ അതില്‍ നിലംപരിശാകും.

എസ്എഫ്‌ഐയും നിലനില്‍ക്കണം. അവരുടെ കൊടിയില്‍ എഴുതിയ മുദ്രാവാക്യങ്ങളോടെ. ആ മുദാവാക്യങ്ങള്‍ക്കും പ്രസക്തി കൂടുതലുള്ള കാലമാണ്. രാജ്യം മുഴുവനും

ഡോ എസ്എസ് ലാല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ അവസാനത്തെ (1981) കെ.എസ്.യു. ചെയര്‍മാന്‍ (ഈ ബിരുദവും എനിക്ക് മാറിക്കിട്ടണം :)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here