മുത്തയ്യ മുരളീധരനാവാൻ വിജയ് സേതുപതി; അണിയറയിലൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് ചിത്രം

ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ്റെ ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ വിജയ് സേതുപതി മുരളീധരനായി വേഷമിടുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഈ ഡിസംബറിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും.

ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അതേസമയം ബിഗ് ബജറ്റ് ചിത്രമായ 800 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

ബയോപിക്കുകൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇതിനു മുൻപ് മഹേന്ദ്രസിങ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നീ ക്രിക്കറ്റ് താരങ്ങളുടെതടക്കം നിരവധി ബയോപിക്കുകൾ തീയറ്ററിൽ എത്തിയിരുന്നു. ചിത്രങ്ങൾ തിയേറ്ററുകളിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു.

1972 ൽ ജനിച്ച മുരളിധരൻ 133 ടെസ്റ്റ് മത്സരങ്ങളും 350 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 800 ഉം ഏകദിനത്തിൽ 534 വിക്കറ്റ് നേടി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ഇദ്ദേഹം. ടെസ്റ്റിൽ 800 വിക്കറ്റ് തികച്ച ഏക ബൗളറായതു കൊണ്ട് തന്നെ മുത്തയ്യയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് 800 എന്നാണ് പേര് നൽകിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top