Advertisement

ഫയർഫോഴ്സ് തോറ്റു; മണ്ണിനടിയിൽപ്പെട്ട നായകളെ ആറു മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി വീട്ടമ്മ

July 23, 2019
Google News 1 minute Read

മണ്ണിടിഞ്ഞ് വീണ് അതിനകത്തുപെട്ടുപോയ നാലു നായകളെ വീട്ടമ്മയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഫയർഫോഴ്സും ജെസിബിയും അടക്കം തോറ്റുപിന്മാറിയപ്പോഴാണ് വീട്ടമ്മ നേരിട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ആറു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ പുറത്തെടുക്കാനായത്.

കാസർഗോഡ് പടന്നക്കാട് സ്വദേശിയായ സൂസിയുടെ നാലു നായകളാണ് കൂട് അടക്കം മണ്ണിനടിയിലായത്. തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഇവരുടെ വീടിനു പിൻഭാഗത്തുള്ള പട്ടിക്കൂടിനു മുകളിൽ മണ്ണിടിഞ്ഞുവീണത്. തൊട്ടടുത്തുള്ള കോഴിക്കൂടും മണ്ണിനടിയിലായി. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കുറെ മണ്ണു നീക്കി കോഴിക്കൂട് പുറത്തെടുത്തു. പക്ഷേ, ചെളിയിൽപ്പൂണ്ട പട്ടിക്കൂട് പുറത്തെടുക്കാനാകാതെ അവർ മടങ്ങി.

പിന്നാലെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നെങ്കിലും മുകളിൽനിന്ന് മണ്ണിടിഞ്ഞുകൊണ്ടിരുന്നതിനാൽ ഒന്നും ചെയ്യാനായില്ല. വൈകീട്ടോടെ നായകൾ നഷ്ടപ്പെടുമെന്ന സ്ഥിതിയായി. അപ്പോഴാണ് മകൻ നവീനും സുഹൃത്ത് അമിത്തിനും ഭർത്താവ് കണ്ണനുമൊപ്പം സൂസി അവസാനശ്രമമെന്ന നിലയിൽ മൺവെട്ടിയുമായി ഇറങ്ങിയത്. ചെളിമണ്ണ് കൊത്തിമാറ്റിയപ്പോൾ കൂട് തെളിഞ്ഞുവന്നു. പതുക്കെ മണ്ണിളക്കിമാറ്റിയപ്പോൾ ആദ്യത്തെ കൂട്ടിലുണ്ടായിരുന്ന മൂന്നു പട്ടികളും പുറത്തേക്കോടിവന്നു. വീണ്ടും മണ്ണ് നീക്കിയതോടെ രണ്ടാമത്തെ കൂട്ടിലുണ്ടായിരുന്ന പട്ടിയും പുറത്തേക്കു വന്നു.

‘‘വിളിച്ചപ്പോൾ മണ്ണിനടിയിൽനിന്ന് മുരളൽ ഞാൻ കേട്ടിരുന്നു… പിന്നീടത് നേർത്ത് ഇല്ലാതായി. കഴിഞ്ഞ രാത്രി തീറ്റകൊടുക്കാൻ പോയപ്പോൾ അവയാകെ വെപ്രാളത്തിലായിരുന്നു. മൺതിട്ടയുടെ ഭാഗത്തേക്കു നോക്കി കുരയ്ക്കുകയും മുരളുകയും ചെയ്യുന്നുണ്ടായിരുന്നു. മണ്ണിടിയുമെന്ന് ഒരുപക്ഷേ നേരത്തേ മനസ്സിലായിക്കാണും.’’ -സൂസി പറയുന്നു. കനത്തമഴയിൽ രണ്ടരമീറ്ററോളം ഉയരത്തിൽ മണ്ണുവീണിരുന്നു. റോഡപകടങ്ങളിലും മറ്റും പെട്ട് അവശരായ പട്ടികളെയാണ് സൂസിമോൾ പരിപാലിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here