നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ മലങ്കര ടൂറിസം പദ്ധതി

പ്രഖ്യാപനം നടത്തി പത്ത് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ മലങ്കര ടൂറിസം പദ്ധതി. മലങ്കര ഡാമിലേക്കുള്ള പ്രവേശന കവാടവും, കൂട്ടികള്‍ക്കുള്ള പാര്‍ക്കിന്റെ പണിയും മാത്രമാണ് പത്ത് വര്‍ഷം കൊണ്ട് പൂര്‍ത്തിയായത്. മലമ്പുഴ ഉദ്യാനത്തിനു സമാനമായി മലങ്കര ഡാം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും.

ബോട്ടിംഗ്, സൈക്കിള്‍ സവാരി, കുതിര സവാരി, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോപ് വേ തുടങ്ങി നിരവധി സാധ്യതകളാണ് മലങ്കര ഹൈഡല്‍ ടൂറിസം പദ്ധതിയില്‍ ഉള്ളത്. 13 കിലോമീറ്റര്‍ ദൂരത്തില്‍ പരന്ന് കിടക്കുന്ന മലങ്കര ജലാശയത്തെ ചുറ്റി മലമ്പുഴ മോഡല്‍ ടൂറിസം പദ്ധതി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഫണ്ട് അപര്യാപ്തത മൂലം ഏറെ കാലം മുടങ്ങി കിടന്ന പദ്ധതിയുടെ നിര്‍മാണം ഇടക്ക് പുനരാരംഭിച്ചെങ്കിലും പുരോഗതിയില്ല. സഞ്ചാരികള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പുഴയിലേക്കിടരുതെന്ന് ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും നാട്ടുകാര്‍ രംഗത്തെത്തേണ്ടി വന്നത് അധികൃതരുടെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നു.

പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നുള്ള ഫണ്ട് ലഭിക്കുന്നതില്‍ നിയമക്കുരുക്കുകള്‍ ഉണ്ടെന്നും, ഇത് മൂലമാണ് നിര്‍മാണ പ്രവര്‍ത്തനം വൈകുന്നതെന്നാണ് മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി എക്‌സിക്യൂട്ടീവ് എജ്ഞിനീയറുടെ വിശദീകരണം. പദ്ധതി പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെത്തുന്ന സഞ്ചാരികളുടെ പ്രധാന
ആകര്‍ഷണ കേന്ദ്രമായി ഇവിടം മാറും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More