ശബരിമല ആചാരവിശ്വാസങ്ങളെ വിമർശിച്ച കോളേജ് മാഗസിൻ പിൻവലിച്ച് മാനേജ്‌മെന്റ്; നടപടിക്കെതിരെ എഡിറ്റോറിയൽ ബോർഡ്

കോതമംഗലം എം എ കോളേജിലെ വിവാദ മാഗസിൻ പിൻവലിച്ചതായി മാനേജ്‌മെന്റ്. സ്റ്റാഫ് എഡിറ്ററെ സ്ഥാനത്തു നിന്ന് നീക്കി. അതേസമയം മാഗസിൻ പിൻവലിച്ച മാനേജ്‌മെന്റ നടപടിക്കെതിരെ മാഗസിൻ എഡിറ്റോറിയൽ ബോർഡ് രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി എം എ കോളേജിലേയ്ക്ക് മാർച്ച് നടത്തി.
ശബരിമല ആചാരങ്ങളെ വിമർശിച്ചുള്ള പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് മാഗസിൻ പിൻവലിച്ചതായി കോളേജ് മാനേജ്‌മെന്റ് അറിയിച്ചത്. കോളേജിന്റെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും നിരക്കാത്തതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. സ്റ്റാഫ് എഡിറ്ററെ സ്ഥാനത്തു നിന്ന് നീക്കിയതായി അറിയിച്ച കോളജ് പ്രിൻസിപ്പൽ ഭാവിയിൽ ഇത്തരം വിവാദസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ പുലർത്തുമെന്ന് വ്യക്തമാക്കി.
എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാഗസിൻ എല്ലാ കുട്ടികളുടെയും കൈയിലെത്തിയ സാഹചര്യത്തിൽ മാഗസിൻ പിൻവലിക്കുന്നതിൽ എന്ത് അടിസ്ഥാനമാണുള്ളതെന്ന് മാഗസിൻ എഡിറ്റോറിയൽ ബോർഡ് ചോദിച്ചു. പ്രതിഷേധം മുന്നിൽ കണ്ട് കോളേജ് മാഗസിൻ പിൻവലിക്കില്ലെന്ന് മാഗസിൻ സബ് എഡിറ്റർ ഋത്വിക്ക് പറഞ്ഞു.
അതേസമയം ശബരിമല വിശ്വാസത്തെയും, ഹിന്ദു സംസ്‌ക്കാരത്തെയും അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി എം എ കോളേജിലേക്ക് മാർച്ച് നടത്തി. അയ്യപ്പനേയും ശബരിമല ആചാരവിശ്വാസങ്ങളെയും തള്ളിപ്പറയുന്ന മാഗസിൻ ശബരിമലയെയും ഹൈന്ദവ വിശ്വാസികളെയും അപമാനിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു. ശബരിമലയിൽ പ്രവേശിച്ച ബിന്ദുവിനേയും കനകദുർഗയേയും നവോത്ഥാ നായികമാരായി ചിത്രീകരിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here