‘പൊലീസിനെ ന്യായീകരിച്ചിട്ടില്ല, ആഭ്യന്തരവകുപ്പ് നടപടിയെടുക്കണം’; മലക്കം മറിഞ്ഞ് കാനം രാജേന്ദ്രൻ

സിപിഐ മാർച്ചിനിടെയുണ്ടായ പൊലീസ് മർദനത്തെ ന്യായീകരിച്ചതിന് പിന്നാലെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മലക്കം മറിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസിനെ താൻ ന്യായീകരിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര വകുപ്പ് നടപടിയെടുക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

എൽദോ എബ്രഹാം എംഎൽഎയ്ക്ക് മർദനമേറ്റത് സമരം ചെയ്തിട്ടാണെന്നും പൊലീസ് ആരുടേയും വീട്ടിൽ കയറി മർദിച്ചിട്ടില്ലെന്നുമായിരുന്നു കാനം ഇന്നലെ പറഞ്ഞത്. ഇതിന് പിന്നാലെ കാനത്തെ വിമർശിച്ച് ആലപ്പുഴയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. സിപിഐ ജില്ലാ കമ്മറ്റി ഓഫീസിന്റെ മതിലിൽ ആണ് പോസ്റ്റർ പതിച്ചത്. ‘കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററിൽ എഴുതിയത്. എൽദോ എബ്രഹാം എംഎൽഎയ്ക്ക് പിന്തുണയെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.

കാനത്തിന്റെ പ്രസ്താവന വിവാദമായതോടെ സിപിഐ നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. സിപിഐ നേതാക്കൾക്ക് നേരെ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് കടുത്ത അക്രമമെന്ന് പാർട്ടി നേതാവും മുൻ എംപിയുമായ സി എൻ ജയദേവൻ പറഞ്ഞു. നടപടി കടുത്ത അമർഷമുണ്ടാക്കുന്നതാണ്. ഭരണപക്ഷ എംഎൽഎയെ പൊലീസ് തെരഞ്ഞുപിടിച്ച് മർദിക്കുകയാണ് ചെയ്തതെന്നും ജയദേവൻ പറഞ്ഞു.

കൊച്ചിയിലെ സംഭവത്തിൽ മൗനം പാലിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബ്ലാക്ക് മെയിൽ ചെയ്യപ്പെടുന്നുണ്ടോയെന്ന് അറിയില്ല. അങ്ങനെയൊരു സാഹചര്യം കേരളത്തിലുണ്ടോയെന്ന് ജയദേവൻ ചോദിച്ചു. നിലപാടിൽ വിശദീകരിക്കേണ്ടത് കാനം തന്നെയാണ്. ഭരണത്തിലിരുന്നു തല്ലുകൊള്ളേണ്ട ഗതികേട് കമ്യൂണിസ്റ്റ് പാർട്ടിക്കില്ലെന്ന് ജയദേവൻ വ്യക്തമാക്കിയിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More