കാര്‍ഗില്‍ വിജയത്തിന് ഇന്ന് ഇരുപത് വയസ്

കാര്‍ഗില്‍ വിജയത്തിന് ഇന്ന് ഇരുപത് വയസ്. 1999 ജൂലൈ 26 നാണ്, പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യന്‍ സൈന്യം കശ്മീരിലെ കാര്‍ഗില്‍ തിരികെ പിടിച്ചെടുത്തത്. ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ ശരിക്കും തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍.

വര്‍ഷത്തില്‍ ഒമ്പത് മാസവും ഐസ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. 1999 മേയിലാണ്, ഇവിടേക്ക് മാസങ്ങൾക്കുമുൻപു തുടങ്ങിയ പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യന്‍ പട്ടാളത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്ത് ആട് മേയ്ക്കുന്നവരാണ് വിവരം സേനയെ അറിയിച്ചത്. അപ്പോഴേക്കും പാക്ക് സൈന്യം അതിര്‍ത്തിക്കിപ്പുറത്തു ശക്തമായി നിലയുറപ്പിച്ചിരുന്നു. തുടര്‍ന്നുനടന്ന അതിശക്തമായ ഏറ്റുമുട്ടൽ 72 ദിവസം നീണ്ടു. ഒടുവിൽ പരാജയം സമ്മതിച്ചു പാക്കിസ്ഥാന് പിൻമാറേണ്ടി വന്നു. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്.

മലയാളികളടക്കം 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക് സൈന്യം നിഷേധിച്ചു. അതേസമയം 453 സൈനികരെ നഷ്ടപ്പെട്ടെന്ന് പാക്കിസ്ഥാൻ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. കാര്‍ഗിലിലെയും ദ്രാസിലെയും ജനങ്ങള്‍ക്കിപ്പോള്‍ ഭയമില്ല. കാരണം, അവരിപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ സുരക്ഷിത കരങ്ങളിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top