കായംകുളം താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കൾ; സൂപ്രണ്ടിന് പരാതി

കായംകുളം താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കളെ കണ്ടെത്തി.കുട്ടികളുടെ വാർഡിലെ പൈപ്പ് വെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ വാർഡിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത് വരികയും സൂപ്രണ്ടിന് പരാതി നൽകുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെ പൈപ്പ് വെള്ളത്തിൽ പുഴുക്കളെ കണ്ടത്. ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. കുട്ടികളെ കുളിപ്പിക്കുന്നതിനും വായ കഴുകുന്നതിനും അടക്കമുള്ള കാര്യങ്ങൾ വേണ്ടി ഉപയോഗിക്കുന്ന വെള്ളത്തിലാണ് പുഴുക്കളുള്ളത്. കുട്ടികൾ പലപ്പോഴും വായ കഴുകിയപ്പോൾ വായിൽ നിന്നും പുഴുക്കൾ വന്നിട്ടുണ്ട്. കുളി കഴിഞ്ഞ് ഇറങ്ങിയ കുട്ടികളുടെ ദേഹത്തു നിന്നും നിരവധി പുഴുക്കളെ കണ്ടെത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു.

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. മുൻപു പലതവണയും ആശുപത്രി പൈപ്പ് ലൈനിലെ വെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നാളിതുവരെ ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് ജനങ്ങളുടെ പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top