വിമത എംഎൽഎമാരുടെ അയോഗ്യത കാര്യത്തിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. കൂടുതൽ കോൺഗ്രസ് വിമതരെ അയോഗ്യരാക്കും മുമ്പ് സ്പീക്കറെ നീക്കാനും ബിജെപി നീക്കം തുടങ്ങി. 14 വിമത എം എൽ എമാരുടെ കാര്യത്തിൽ ഇന്നോ നാളെയോ സ്പീക്കർ തീരുമാനമെടുത്തേക്കും.
മുംബൈയിൽ തങ്ങുന്ന കോൺഗ്രസ് ജനതാദൾ വിമതർ വിശ്വാസ വോട്ടെടുപ്പ് വേളയിൽ സഭയിലെത്തില്ലെന്ന ആശ്വാസമാണ് യെദ്യൂരപ്പ സർക്കാരിനുള്ളത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ നേർ പകുതി ഒപ്പമില്ലെങ്കിലും ഇവരുടെ അഭാവത്തിൽ വിശ്വാസ വോട്ട് കടന്നു കൂടാം. വിമതരൊഴികെ ബ ജെപിയുടെ നൂറ്റിയഞ്ചും ഒരു സ്വതന്ത്രനും അടക്കം നൂറ്റി ആറ് പേർ ഭരണ പക്ഷത്തും പ്രതിപക്ഷത്ത് നൂറും എന്നതാണ് അംഗബലം.
ബിഎസ്പി പുറത്താക്കിയ എൻ മഹേഷ് ഇരുപക്ഷത്തിനൊപ്പവും ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ കോൺഗ്രസ് വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നത് ഒഴിവാക്കാൻ സ്പീക്കർ കെ ആർ രമേഷ് കുമാറിനെ നീക്കാൻ ബി ജെ പി നോട്ടീസ് നൽകിയേക്കും. നോട്ടീസ് നൽകിക്കഴിഞ്ഞാൽ അയോഗ്യത അടക്കമുള്ള കാര്യങ്ങളിൽ തീർപ്പു കൽപ്പിക്കാനോ സഭാ നടപടികൾ നിയന്ത്രിക്കാനോ സ്പീക്കർക്ക് കഴിയില്ല.സ്പീക്കറെ നീക്കാൻ 14 ദിവസത്തെ നോട്ടീസ് വേണമെന്ന് മാത്രം. അത്തരം സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കറാകും സഭ നിയന്ത്രിക്കുക. കർണാടകയിൽ ജെഡിഎസിലെ കൃഷ്ണ റെഡ്ഡിയാണ് ഡെപ്യൂട്ടി സ്പീക്കർ. അയോഗ്യതാ വിഷയത്തിൽ തീർപ്പു കൽപിച്ച ശേഷം തിങ്കളാഴ്ച സഭ തുടങ്ങും മുമ്പേ രാജിക്കാണ് സ്പീക്കർ കെ ആർ രമേഷ് കുമാറിന്റെ നീക്കം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here