രവി ശാസ്ത്രി മുഖ്യപരിശീലകന്റെ റോൾ നന്നായി ചെയ്തുവെന്ന് സിഎസി അംഗം അൻഷുമാൻ ഗെയ്ക്വാദ്

ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകനായി രവി ശസ്ത്രി നടത്തിയത് മികച്ച പ്രകടനമാണെന്ന് ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റി അംഗം അൻഷുമാൻ ഗെയ്ക്വാദ്. ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അവകാശമുള്ള സിഎസിയിലെ അംഗത്തിൻ്റെ വെളിപ്പെടുത്തൽ, പരിശീലക സ്ഥാനത്ത് ശാസ്ത്രി തന്നെ തുടരുമെന്ന സൂചനയാണ് നൽകുന്നത്.
“ഫലങ്ങളെ മുൻനിർത്തി പറഞ്ഞാൽ, അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്. എൻ്റെ അഭിപ്രായത്തിൽ രവി (ശാസ്ത്രി) ഒഴികെ മറ്റു സപ്പോർട്ടിംഗ് സ്റ്റാഫ് സ്ഥാനങ്ങളിലേക്ക് അപേക്ഷിച്ചവരിൽ നിന്ന് അനുയോജ്യരായവരെ തിരഞ്ഞെടുക്കാം.”- അദ്ദേഹം പറഞ്ഞു.
ബൗളിംഗ് കോച്ച് ഭരത് അരുണും ശാസ്ത്രിക്കൊപ്പം തുടർന്നേക്കുമെന്നും ചില സൂചനകളുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങിയവരുടെ ബൗളിംഗിലെ വൈവിധ്യവും സ്ഥിരതയും അരുണിൻ്റെ സംഭാവനയാണെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഫലത്തിൽ ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ, ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ എന്നിവർ മാത്രമാണ് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here