ജനങ്ങളിൽ നിന്നും നേരിട്ട് പരാതി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ

dgp loknath behra

ജനങ്ങളിൽ നിന്നും നേരിട്ട് പരാതി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ് ജില്ലകളിലും അദാലത്ത് നടത്തും. വിദൂര സ്ഥലങ്ങളിൽ നിന്ന് ഡിജിപിയെ കണ്ട് പരാതി നൽകാനായി വരുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണിത്. അദാലത്തിന്റെ ഒന്നാം ഘട്ടം അടുത്തമാസം നടത്തും.

കൊല്ലം റൂറലിൽ ആഗസ്റ്റ് 16നും കാസർഗോഡ് 20നും വയനാട് 21നും ആലപ്പുഴയിൽ 30നും പത്തനംതിട്ടയിൽ 31നുമാണ് അദാലത്ത്. ജില്ലാ പൊലീസ് മേധാവിക്ക് പുറമേ എല്ലാ സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും അദാലത്തിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് മേധാവിയുടെ സന്ദർശന വിവരവും അദാലത്ത് നടക്കുന്ന സ്ഥലവും തീയതിയും സമയവും സന്ദർശിച്ച വിവരവും വിവിധ മാധ്യമങ്ങൾ വഴി പ്രചരണം നടത്തുന്നതിന് ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ ടീം അദാലത്തിന് രണ്ട് ദിവസം മുമ്പ് അതത് ജില്ലകൾ സന്ദർശിച്ച് ഒരുക്കങ്ങളും സാഹചര്യങ്ങളും വിലയിരുത്തും.

പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ജില്ലകളിൽ ഒരു സഭ നടത്തുന്നതിനും സംസ്ഥാന പാലീസ് മേധാവി തീരുമാനിച്ചിട്ടുണ്ട്. ഈ സഭയിൽ എസ് ഐ റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലയിൽ ഏതെങ്കിലും രണ്ട് പൊലീസ് സ്റ്റേഷനുകളും സംസ്ഥാന പൊലീസ് മേധാവി സന്ദർശിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top