ജാതിക്കാത്തോട്ടത്തിലെ തണ്ണീർമത്തൻ മധുരം; ‘തണ്ണീർമത്തൻ ദിനങ്ങൾ’ നിരൂപണം

സ്കൂൾ ലൈഫാണോ കോളേജ് ലൈഫാണോ ഏറ്റവുമധികം മിസ് ചെയ്യുന്നതെന്ന് ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ സ്കൂൾ ലൈഫെന്നു പറയാൻ എനിക്ക് സാധിക്കും. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്ന ആ സമയങ്ങളിലാണ് വൈകാരികമായ ഒട്ടേറെ മാറ്റങ്ങൾക്ക് ഞാൻ സാക്ഷിയായിട്ടുള്ളത്. ഞാനെന്നല്ല, ആ പ്രായത്തിൽ എല്ലാവരും അങ്ങനെ തന്നെയാണ്. സ്കൂൾ കാലഘട്ടത്തിലായിരുന്നു ആദ്യ പ്രണയം. ഓർമ്മകളുടെ തുടക്കം അവസാനിച്ച ഇടമെന്ന നിലയിൽ സ്കൂൾ പഠന കാലമാണ് എൻ്റെ ഓർമ്മകളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്നത്. അതുകൊണ്ട് തന്നെ ‘തണ്ണീൻ മത്തൻ ദിനങ്ങൾ’ എന്നെ സംബന്ധിച്ച് ഒരു തിരിച്ചു പോക്കായിരുന്നു.
തൻ്റെ ഷോർട്ട് ഫിലിമുകളിലൂടെ പറഞ്ഞു വെച്ചതിൻ്റെ ബാക്കിയാണ് ഗിരീഷ് ഈ ചിത്രത്തിലൂടെ പറയുന്നത്. സ്കൂൾ കാലഘട്ടത്തിൻ്റെ നിഷ്കളങ്കതയും ഗ്രാമീണ പശ്ചാത്തലത്തിലെ കഥപറച്ചിലുമൊക്കെച്ചേർന്ന് നൊസ്റ്റാൾജിയ നിറച്ചു വെച്ചിരിക്കുന്ന ഒരു മനോഹര സിനിമ. ജെയ്സണും കീർത്തിയും പിന്നെ കുറേ കൂട്ടുകാരും ചേർന്ന ഒരു കുഞ്ഞു ലോകവും രവി പദ്മനാഭനും സാറന്മാരുമൊക്കെച്ചേർന്ന ഒരു വലിയ ലോകവും ചേർന്ന് കഥ പറയുന്ന ഒരു ഫീൽ ഗുഡ് സിനിമ. ഇങ്ങനൊക്കെയാണ് തണ്ണീർ മത്തൻ ദിനങ്ങളെ വിശേഷിപ്പിക്കേണ്ടത്.
നേരത്തെ പറഞ്ഞതു പോലെ സ്കൂൾ കാലഘട്ടത്തിലെ പ്രണയം കമിതാക്കളെ കൊണ്ടെത്തിക്കുക വളരെ അസ്വസ്ഥമായ വൈകാരിക തലങ്ങളിലാണ്. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്ന സമയത്തെ പ്രണയപരവശത സമ്മാനിക്കുന്നത് വളരെ തീവ്രമായ ജീവിത യാഥാർത്ഥ്യങ്ങളാണ്. അതിനോട് താദാമ്യം പ്രാപിക്കുമ്പോഴാണ് സ്വാഭാവികമായും നമ്മൾ അടുത്ത വൈകാരിക ഇടത്തിലേക്ക് കടക്കുന്നത്. ഇവിടെ, ജെയ്സണും പിന്നെ കീർത്തിക്കും അങ്ങനെയൊരു ഇമോഷണൽ ബ്രേക്ക് ഉണ്ടാവുന്നുണ്ടെങ്കിലും ‘ആൻഡ് ദേ ലിവ്ഡ് ഹാപ്പിലി എവർ ആഫ്റ്റർ’ എന്ന എക്കാലത്തെയും പ്രസക്തമായ ക്ലീഷേയിൽ സിനിമ അവസാനിക്കുന്നത് മനോഹരമായി. ഇങ്ങനെയല്ലാതെയൊരു ക്ലൈമാക്സ് സിനിമയുടെ മൂഡ് ഇല്ലാതാക്കിയേനെ.
സിനിമ ആദ്യാവസാനം മനോഹരമായി കൊണ്ടു പോകുന്നത് തീർച്ചയായും അഭിനേതാക്കൾ തന്നെയാണ്. മാത്യു തോമസും അനശ്വര രാജനുമൊപ്പം പേരറിയുന്നതും അറിയാത്തതുമായ ഒരുപാട് കുട്ടികൾ അനായാസമായി അഭിനയിച്ച് തകർത്തു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. ഇവർക്കൊപ്പം സ്ക്രീസ് സ്പേസ് പങ്കിട്ട ഓരോരുത്തരും അനായാസമായി അഭിനയിച്ചത് സിനിമയുടെ ഊർജ്ജമായി. വിനീത് ശ്രീനിവാസൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു വേഷമായിരുന്നു രവി പദ്മനാഭൻ. അത് വളരെ ഗംഭീരമായും അനായാസമായും വിനീത് അവതരിപ്പിച്ചു.
അഭിനേതാക്കളുടെ അവിസ്മരണീയ പ്രകടനങ്ങൾക്കപ്പുറത്ത് സിനിമയുടെ ജീവാത്മാവും പരമാത്മാവുമായി നിൽക്കുന്നത് ജോമോൻ ടി ജോണിൻ്റെയും വിനോദ് ഇല്ലമ്പള്ളിയുടെയും ഫ്രെയിമുകളാണ്. തീരെ അനുസരണയില്ലാത്ത ക്യാമറയും അടുക്കും ചിട്ടയുമില്ലാത്ത ഫ്രെയിമുകളും കൊണ്ട് ഇവർ നൽകിയിരിക്കുന്നത് വളരെ യുണിക്കായ ഒരു സിനിമാറ്റിക്ക് അനുഭവമാണ്. അതിനോടൊപ്പമാണ് ഷമീർ മുഹമ്മദിൻ്റെ കട്ട്സ്. വളരെ റഫ് ആയ കട്ടുകൾ സിനിമയുടെ മൂഡ് ലൈവാക്കി നിർത്തുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. അതിനോടൊപ്പം ജസ്റ്റിൻ വർഗീസിൻ്റെ മ്യൂസിക്കും സുഹൈൽ കോയയുടെ വരികളും. കേട്ട് പരിചയിച്ച പാട്ടുകളിൽ നിന്നും വളരെ വ്യത്യസ്തമായ വരികളും സംഗീതവും ചേർന്ന് സിനിമയിലെ സംഗീത വിഭാഗം നൽകിയത് മനോഹരമായ ഗാനങ്ങൾ. ഒപ്പം ബാക്ക്‌ഗ്രൗണ്ട് സ്കോർ കൂടി ഒപ്പം പിടിച്ചതോടെ സിനിമയുടെ ടെക്നിക്കൽ വിഭാഗം പൊളിച്ചടുക്കി. ഇനിയാണ് ഗിരീഷ് എഡി എന്ന സംവിധായകൻ്റെ റോൾ. തിരക്കഥയും സംഭാഷണങ്ങളും സിനിമയുടെ ആത്മാവ് കയ്യടക്കിയപ്പോൾ തീരെ അഡ്ജസ്റ്റ് ചെയ്യാതെ, വളരെ കയ്യടക്കത്തോടെ, ആദ്യ സിനിമ എന്ന പകപ്പുകളില്ലാതെ സിനിമയെ സമീപിച്ച ഗിരീഷ് ഒന്നാം തരം സംവിധായകനാണെന്ന് തെളിയിച്ചു.
കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് തണ്ണീർമത്തൻ ദിനങ്ങൾ. പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് മടങ്ങിപ്പോവാനും മനസ്സറിഞ്ഞ് ചിരിക്കാനും സുന്ദരമായ പാട്ടുകൾ കേൾക്കാനും ഒന്നല്ല, ഒന്നിലധികം വട്ടം കാണാനുള്ള പടമാണ് തണ്ണീർമത്തൻ ദിനങ്ങൾ.