കർണാടകയിൽ യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടി

കർണാടകയിൽ യെദിയൂരപ്പ സർക്കാർ വിശ്വാസവേട്ട് നേടി. നിയമസഭയിൽ നടന്ന ശബ്ദവോട്ടെടുപ്പിൽ 106 എംഎൽഎമാരാണ് സർക്കാരിന് പിന്തുണയറിയിച്ചത്. വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നതിനാൽ ബിജെപിക്ക് കാര്യമായ വെല്ലുവിളിയുണ്ടായിരുന്നില്ല. അതേ സമയം വിശ്വാസവോട്ട് നേടിയ സാഹചര്യത്തിൽ സ്പീക്കർ കെ.ആർ രമേഷ് കുമാറിനെ മാറ്റുന്നതിനുള്ള നടപടികൾ ബിജെപി ഉടൻ തന്നെ കൈക്കൊള്ളുമെന്നാണ് സൂചനകൾ.

ഇതിനായി അടുത്ത ദിവസം തന്നെ സഭയിൽ സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവന്നേക്കും. ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയാണ് കഴിഞ്ഞ വെള്ളിയാഴ്ച ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അടുത്ത ദിവസങ്ങളിൽ തന്നെ മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. കോൺഗ്രസ്-ജെഡിഎസ് പാർട്ടികളിലായി 17 വിമത എംഎൽഎമാരെ സ്പീക്കർ നേരത്തെ അയോഗ്യരാക്കിയിരുന്നു. ഇതേ തുടർന്ന് ഈ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പും കർണാടക രാഷ്ട്രീയത്തിൽ ഏറെ നിർണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top