ടി-20യിൽ ആദ്യമായി 1000 റൺസും 100 വിക്കറ്റുകളും; പുരുഷന്മാരെയും മറികടന്ന് എലിസ് പെറി

ടി-20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയൻ വനിതാ താരം എലിസ് പെറി. ടി-20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് എലിസ് പെറി. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന ആഷസ് പരമ്പരയിലെ ടി20 മത്സരത്തിലാണ് പെറി ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഇന്നലെ നടന്ന മത്സരത്തിൽ ഒരു വിക്കറ്റും 39 പന്തിൽ പുറത്താവാതെ 47 റൺസും നേടിയ പെറിയുടെ ഓൾറൗണ്ട് മികവിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോല്പിച്ചിരുന്നു. ഈ മത്സരത്തിലാണ് ടി-20 ക്രിക്കറ്റിൽ പെറി 1000 റൺസ് പൂർത്തിയാക്കിയത്. കഴിഞ്ഞ നവംബറിൽ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു പെറിയുടെ 100 വിക്കറ്റ് നേട്ടം.
നിലവിൽ ടി-20യിൽ 1498 റൺസും 98 വിക്കറ്റും വീഴ്ത്തിയ ഷാഹിദ് അഫ്രീദിയാണ് ഈ നേട്ടത്തിന് തൊട്ടടുത്തുള്ള മറ്റൊരു താരം. ഇപ്പോൾ ടി-20 കളിക്കുന്ന താരങ്ങളിൽ 1471 റൺസും 88 വിക്കറ്റും നേടിയ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസനും ഈ നേട്ടത്തിന് തൊട്ടടുത്തുണ്ട്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 121റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 13 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here