അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമം; രണ്ടര ലക്ഷത്തിലേറെ തീര്‍ഥാടകരെ സുരക്ഷാ വിഭാഗം തിരിച്ചയച്ചു

അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടര ലക്ഷത്തിലേറെ തീര്‍ഥാടകരെ സുരക്ഷാ വിഭാഗം തിരിച്ചയച്ചു. എഴുപത്തിയൊന്ന് വ്യാജ ഹജ്ജ് സര്‍വീസ് ഏജന്‍സികളും ഇതിനകം പിടിയിലായി. ഹജ്ജിനുള്ള അനുമതി പത്രമോ, മക്കയില്‍ ജോലി ചെയ്യാനുള്ള അനുമതി പത്രമോ, മക്കയില്‍ നിന്ന് വിതരണം ചെയ്ത തിരിച്ചറിയല്‍ കാര്‍ഡോ കൈയില്‍ ഇല്ലാത്തവരെയാണ് തിരിച്ചയച്ചത്.

മതിയായ രേഖകള്‍ ഇല്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 2,64,363 വിദേശികളെ പ്രവേശന കവാടങ്ങളില്‍ വെച്ച് തിരിച്ചയച്ചു. ഇതിനു പുറമേ 5099 സ്വദേശികളെയും മക്കയ്ക്ക് ചുറ്റുഭാഗത്തുള്ള ചെക്ക്‌പോയിന്റുകളില്‍ വെച്ച് തിരിച്ചയച്ചു. ഹജ്ജിനുള്ള അനുമതി പത്രമോ, മക്കയില്‍ ജോലി ചെയ്യാനുള്ള അനുമതി പത്രമോ, മക്കയില്‍ ഇഷ്യൂ ചെയ്ത ഐഡി കാര്‍ഡോ ഇല്ലാത്തവരെയാണ് തിരിച്ചയക്കുന്നത്. 71 വ്യാജ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങളും ഇതിനകം പിടിയിലായതായി ഹജ്ജ് സുരക്ഷാ വിഭാഗം വക്താവ് സാമി അല്‍ സുവൈരിഖ് അറിയിച്ചു.

നിയമലംഘനം നടത്തിയ 10.983 വാഹനങ്ങളും മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ വെച്ച് പിടികൂടി. ശക്തമായ പരിശോധനയാണ് മക്കയിലേക്കുള്ള വഴികളില്‍ നടക്കുന്നത്. അനധികൃതമായി മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അവര്‍ക്ക് യാത്രാ സഹായം നല്‍കുന്നവര്‍ക്കെതിരെയും തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിടിക്കപ്പെടുന്ന വിദേശികളെ നാടു കടത്തുകയും പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് നിശ്ചിത കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. അതേസമയം മക്കയുടെ ചുറ്റുഭാഗത്തായി അഞ്ച് പാര്‍ക്കിംഗുകള്‍ നഗരസഭ സജ്ജീകരിച്ചു. അമ്പതിനായിരം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാം. ജിദ്ദ റോഡ്, മദീന റോഡ്, തായിഫ് റോഡ്, അല്ലീത്ത് റോഡ്, തായിഫ്-അല്‍ സൈല്‍ റോഡ് എന്നിവിടങ്ങളില്‍ ആണ് പാര്‍ക്കിങ്ങുകള്‍ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top