കേരള സര്‍ക്കാറിന്റെ പ്രത്യേക ദൂതനായി എ സമ്പത്തിനെ നിയമിച്ചു

സാമ്പത്തിക പ്രതിസന്ധിക്കിടെ എ സമ്പത്തിനെ മന്ത്രി തുല്യ പദവിയില്‍ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹിയില്‍ കേരള സര്‍ക്കാറിന്റെ പ്രത്യേക ദൂതനായാണ് നിയമനം. ഇത്തരത്തിലൊരു തസ്തികയും രാഷ്ട്രീയ നിയമനവും ഇതാദ്യമാണ്.

ആറ്റിങ്ങലില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി തോറ്റെങ്കിലും ഇനി മുതല്‍ എ സമ്പത്ത് ഡല്‍ഹിയിലുണ്ടാവും പ്രളയ സെസ്സിലൂടെ ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിച്ച അതേ ദിവസം സമ്പത്തിനെ കേരള സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചത്. കേന്ദ്ര സര്‍ക്കാറുമായുള്ള ഏകോപനവും പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനവുമാണ് ചുമതല. ഇതേ കാര്യത്തിന് ഡല്‍ഹിയിലെ കേരള ഹൗസില്‍ റസിഡന്‍സ് കമ്മീഷ്ണര്‍ അഡീഷ്ണല്‍ റസിഡന്‍സ് കമ്മീഷ്ണര്‍ എന്നീ തസ്തികകളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ലൈസണ്‍ ഓഫീസറും ഉള്ളപ്പോഴാണ് പുതിയ നിയമനം.

അതേ സമയം, തന്നിലേല്‍പ്പിച്ച ചുമതല നിറവേറ്റുമെന്ന് എ സമ്പത്ത് പറഞ്ഞു. സമ്പത്തിന്റെ ഓഫീസ് നിര്‍വഹണത്തിനായി ഒരു ഓഫീസ് സെക്രട്ടറിയും രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.
തലസ്ഥാന നഗര വികസന പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസറായി വിരമിച്ച ഐഎസ് ഉദ്യോഗസ്ഥന്‍ ടി ബാലകൃഷ്ണനെ നിയമിക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More