വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ

വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണം നടത്തുന്നത്. ആണവനിരായുധീകരണ ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ തുടര്‍ച്ചയായി മിസൈല്‍ വിക്ഷേപണം നടത്തുന്നത് എന്നാണ് വിലയിരുത്തല്‍.

ഉത്തരകൊറിയയുടെ കിഴക്കന്‍ തീരമായ വോന്‍സാനില്‍ നിന്നും രണ്ട് മിസൈലുകളാണ് ഇന്നലെ വിക്ഷേപിച്ചതെന്നാണ് ദക്ഷിണകൊറിയന്‍ സൈന്യം പറയുന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 05.06 നും 05. 27 നുമാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. മിസൈല്‍ 250 കിലോമീറ്റര്‍ സഞ്ചരിച്ചതായും ജപ്പാന്‍ കടലില്‍ പതിച്ചതായും ദക്ഷിണകൊറിയ പറഞ്ഞു. ജപ്പാന്‍ കടലില്‍ പതിക്കും മുന്‍പ് മിസൈല്‍ 30 കിലോമീറ്റര്‍ ഉയരത്തിലായിരുന്നുവെന്നും ദക്ഷിണകൊറിയ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച്ച വിക്ഷേപിച്ച മിസൈലുകളും ജപ്പാന്‍ കടലിലായിരുന്നു പതിച്ചത്. കഴിഞ്ഞ തവണ വിക്ഷേപിച്ച മിസൈലില്‍ നിന്നും വ്യത്യസ്തമായ മിസൈലാണ് ഇത്തവണ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രി കിയോങ്ങ് ഡൂ പറഞ്ഞു. ഉത്തരകൊറിയയുടെ ആയുധശേഷി അറിയിക്കാനാണ് വ്യത്യസ്തമായ മിസൈലുകള്‍ വിക്ഷേപിക്കുന്നതെന്നാണ് വിലയിരുത്തല്‍. വിക്ഷേപണം മൂലം യാതൊരു സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. ഉത്തരകൊറിയയുടെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത് ഒട്ടും ഉപകരിക്കില്ലെന്നും ദക്ഷിണകൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top