മൂന്ന് ഓവറിൽ മൂന്ന് വിക്കറ്റ്; വിൻഡീസ് എയെ ചുരുട്ടിക്കൂട്ടി സന്ദീപ് വാര്യർ

ഇന്ത്യ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ വിൻഡീസ് തകർന്നടിയുന്നു. 128 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ അവർക്ക് 12 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. മൂന്ന് റൺസ് വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത മലയാളി താരം സന്ദീപ് വാര്യരാണ് വിൻഡീസിനെ തകർച്ചയിലേക്ക് തള്ളിയിട്ടത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 12/4 എന്ന നിലയിലാണ് വിൻഡീസ്.

നേരത്തെ വിൻഡീസിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 318നു മറുപടിയുമായി ഇറങ്ങിയ ഇന്ത്യ 190 റൺസിൽ പുറത്താവുകയായിരുന്നു. 3 ബാറ്റ്സ്മാന്മാർ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ഇന്നിംഗ്സിൽ, 58 റൺസെടുത്ത ഓപ്പണർ പ്രിയങ്ക് പഞ്ചാലും, 79 റൺസ് നേടിയ ശിവം ഡൂബെയും മാത്രമായിരുന്നു തിളങ്ങിയത്. 128 റൺസിന്റെ മികച്ച ഒന്നാമിന്നിംഗ്സ് ലീഡുമായി വീണ്ടും ബാറ്റിംഗിനിറങ്ങിയ വിൻഡീസ് എയെ വൻ ബാറ്റിംഗ് തകർച്ചയായിരുന്നു കാത്തിരുന്നത്‌. 12/0 എന്ന നിലയിൽ നിന്ന് 12/4 എന്ന സ്കോറിലേക്ക് അവർ വീണു. 3 ഓവറുകളെറിഞ്ഞ ‌സന്ദീപ് വാര്യർ 3 റൺസ് വിട്ട് കൊടുത്താണ് 3 വിക്കറ്റുകൾ വീഴ്ത്തിയത്. ബാക്കിയുള്ള ഒരു വിക്കറ്റ് മൊഹമ്മദ് സിറാജാണ് വീഴ്ത്തിയത്.

ആദ്യ ഇന്നിംഗ്സിൽ മുഹമ്മദ് സിറാജും മയങ്ക് മാർക്കണ്ഡെയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സന്ദീപ് രണ്ട് വിക്കറ്റുകളിട്ടിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top