കാനഡയിൽ ഗെയിലാട്ടം തുടരുന്നു; അടിച്ചത് 9 സിക്സറുകൾ

ഗ്ലോബൽ കാനഡ ടി-20 ലീഗിൽ ക്രിസ് ഗെയിലിൻ്റെ വെടിക്കെട്ട് തുടരുന്നു. ഇന്നലെ എഡ്മൊണ്ടൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ 94 റൺസടിച്ചു കൊണ്ടാണ് വാൻകൂവർ നൈറ്റ്സ് ക്യാപ്റ്റനായ ഗെയിൽ തൻ്റെ മികച്ച ഫോം തുടർന്നത്. 44 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളും ഒൻപത് സിക്സറുകളും അടക്കമായിരുന്നു ഗെയിലിൻ്റെ വിസ്ഫോടനാത്മക ഇന്നിംഗ്സ്. ഗെയിലാട്ടത്തിൻ്റെ മികവിൽ അഞ്ചു വിക്കറ്റിന് വാൻകൂവർ മത്സരം വിജയിക്കുകയും ചെയ്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എഡ്മൊണ്ടൺ റോയൽസ് 20 ഓവറിൽ 165/9 എന്ന സ്കോർ പടുത്തുയർത്തിയപ്പോൾ, ഗെയിലിന്റെ കരുത്തിൽ വാൻ കൂവർ വെറും 16.3 ഓവറിൽ വിജയത്തിലെത്തുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ എഡ്മൊണ്ടൻ റോയൽസിന് വേണ്ടി ബെൻ കട്ടിംഗാണ് തകർത്തടിച്ചത്. 41 പന്തിൽ 3 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 72 റൺസ് നേടിയ കട്ടിംഗിന് പുറമേ 40 റൺസെടുത്ത മൊഹമ്മദ് നവാസും തിളങ്ങി.
വിജയലക്ഷ്യം പിന്തുടർന്ന വാൻ കൂവറിന് വേണ്ടി തുടക്കം മുതലേ നായകൻ ക്രിസ് ഗെയിൽ തകർത്തടിച്ചു. ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടക്കം തന്നെ ടീമിന്റെ വിജയമുറപ്പിച്ചു. ഷൊഐബ് മാലിക്ക് 17 പന്തിൽ 34 റൺസോടെ പുറത്താകാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here