വാഹനമോടിച്ചിരുന്നത് അമിത വേഗത്തിൽ; ശ്രീറാം മദ്യപിച്ചിരുന്നതായും രഹസ്യമൊഴി

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വാഹനമോടിച്ചിരുന്നത് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റെ രഹസ്യമൊഴി. അപകടസമയം ശ്രീറാം മദ്യപിച്ചിരുന്നതായും യുവതി മൊഴി നൽകിയതായാണ് സൂചന. പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്രീറാമെന്നും വാഹനം അമിത വേഗതയിലായിരുന്നെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
Read Also; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി
വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്നിലാണ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. വഫ ഫിറോസാണ് കാർ ഓടിച്ചിരുന്നതെന്നാണ് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്നാണ് വഫ പറഞ്ഞത്.
ഇതേ തുടർന്നാണ് പൊലീസ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തുണ്ടായ വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചിരുന്നു.സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here