ഉന്നാവ് കേസ് പ്രതിയുടെ വീട്ടിൽ സിബിഐ റെയ്ഡ്

ഉന്നാവ് കേസ് പ്രതി കുൽദീപ് സെൻഗറുടെ വീട്ടിൽ സിബിഐ റെയ്ഡ്. സെൻഗറിന്റെ വീട് ഉൾപ്പെടെ പതിനേഴ് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഉന്നാവ് വധശ്രമക്കേസിൽ സെൻഗറിനേയും സഹോദരൻ അതുൽ സിംഗിനേയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട് നിലവിൽ സീതാപൂർ ജയിലിൽ റിമാൻഡിലാണ് സെൻഗറും അതുൽ സിംഗും.

പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിനെ ഇടിച്ച ട്രക്കിന്റെ ഡ്രൈവറും ക്ലിനറും നൽകിയ മൊഴികളിൽ വൈരുദ്ധ്യം കണ്ടത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു കുൽദീപ് സെൻഗറിനെയും സഹോദരനെയും സിബിഐ ചോദ്യം ചെയ്തത്.

അതേസമയം, ലഖ്‌നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം ന്യുമോണിയ സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top