മാധ്യമപ്രവർത്തകന്റെ കൊലപാതകം; എഫ്‌ഐആർ പുറത്തുവിടാതെ പൊലീസ്

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ എഫ്‌ഐആർ പുറത്തുവിടാതെ കേരള പൊലീസ്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസെടുത്തത് ശ്രീറാമിനെതിരേയുള്ള കേസ് ദുർബലമാക്കാനാണ് പോലീസ് നീക്കമെന്നുമാണ് ആക്ഷേപമുയരുന്നത്.
അതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിയിൽ തുടരുന്നത് ജയിൽ വാസം ഒഴിവാക്കാനെന്ന് ആക്ഷേപം ഉയർന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ സാധാരണ ഗതിയിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതീവ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാൻ അനുവദിക്കുക. ശ്രീറാമിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പൊലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന.
ആശുപത്രിയിൽ തുടർന്നുകൊണ്ടു തന്നെ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ശ്രീറാമിന്റെ നീക്കം. നാളെ ജാമ്യാപേക്ഷ നൽകിയേക്കുമെന്നാണ് വിവരം. അതേസമയം, ശ്രീറാമിനെതിരായ കേസ് അട്ടിമറിക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നും പുതിയ നീക്കം നടക്കുന്നതായും വിവരമുണ്ട്. അപകട സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫാ ഫിറോസിനെതിരെ കേസെടുത്തത് സംശയകരമാണ്.
ദൃക്‌സാക്ഷിയെ കൂട്ടു പ്രതിയാക്കി ശക്തമായ മൊഴി ഇല്ലാതാക്കാനാണ് പൊലീസ് ഇതുകൊണ്ട് ശ്രമിക്കുന്നത്. അപകടമുണ്ടാക്കിയത് ശ്രീറാമാണെന്ന പ്രധാന മൊഴി വഫയുടേതാണ്. ഇത് ശ്രീറാമിനെ കുടുക്കുന്നതായതുകൊണ്ടുതന്നെ പൊലീസ് കാര്യമായ ഇടപെടൽ നടത്തുന്നതായാണ് ലഭിക്കുന്ന സൂചനകൾ. വഫയ്‌ക്കെതിരെ രണ്ട് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here