കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച

കോണ്‍ഗ്രസ് അധ്യക്ഷനെ തെരെഞ്ഞെടുക്കാനുള്ള പ്രവര്‍ത്തക സമിതി യോഗം അടുത്ത ശനിയാഴ്ച നടക്കും. പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ ആവാത്തതിനാല്‍ മുതിര്‍ന്നവരെയും യുവാക്കളെയും ഉള്‍പ്പെടുത്തിയ പട്ടികയാണ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. അധ്യക്ഷന് പുറമെ വര്‍ക്കിംഗ് പ്രസിഡന്റിനെയും പ്രവര്‍ത്തക സമിതി തെരഞ്ഞെടുത്തേക്കും.
പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരാന്‍ ഒരുങ്ങുന്നത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് യോഗം. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വെച്ചതിനു ശേഷമുള്ള ആദ്യ സി ഡബ്ല്യൂ സി. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാതിരുന്നതും സമ്മര്‍ദ്ദം കൊണ്ട് നെഹ്റു കുടുംബത്തില്‍ നിന്നൊരാളെ അധ്യക്ഷന്‍ ആക്കാമെന്നനേതാക്കളുടെ കണക്ക് കൂട്ടലുമാണ് പ്രവര്‍ത്തക സമിതി വൈകാന്‍ കാരണമായത്.
മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ യുവ നേതൃത്വത്തിലുള്ള സച്ചിന്‍ പൈലറ്റ്, ജ്യോതിരാധിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്. ഇപ്പോഴത്തെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുവന്ന സൂചനകളും ഉണ്ട്. ഇപ്പോഴത്തെ പ്രവര്‍ത്തക സമിതിയില്‍ അഴിച്ചു പണി വേണമെന്ന് ശശി തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അവശ്യപ്പെട്ട സാഹചര്യത്തില്‍ അത്തരം മാറ്റങ്ങളും ഉണ്ടായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here