ഉന്നാവ് കേസിന്റെ വിചാരണ ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലക്നൗവില്‍ നിന്ന് മാറ്റിയ ഉന്നാവ് പീഡനക്കേസ് ഇന്ന് ഡല്‍ഹി കോടതിയില്‍. മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിങ്ങിനെയും ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരാക്കും. അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഉന്നാവ് പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെ പുലര്‍ച്ചയോടെ ഡല്‍ഹിയിലെത്തിച്ചു. പീഡനക്കേസ് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും പെണ്‍ക്കുട്ടി സുഖം പ്രാപിച്ചു വരട്ടേയെന്നും സീതാപുര്‍ ജയിലില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കവേ കുല്‍ദീപ് സെന്‍ഗര്‍ പറഞ്ഞു.

ഉന്നാവയുമായി ബന്ധപ്പെട്ട കേസുകള്‍ ലക്നൗവില്‍ നിന്ന് ഡല്‍ഹിക്ക് അടിയന്തരമായി മാറ്റാനും വിചാരണ നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ഈ മാസം ഒന്നാം തീയതിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതേതുടര്‍ന്ന് കേസ് രേഖകള്‍ ഡല്‍ഹിയിലെ തീസ് ഹസാരി കോടതിക്ക് കൈമാറുകയായിരുന്നു. അതേസമയം, പെണ്‍ക്കുട്ടിയുടെ ആരോഗ്യനില സുപ്രീംകോടതി പരിഗണിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ടും ബന്ധുക്കളുടെ നിലപാടും അനുസരിച്ചാകും മറ്റുനടപടികള്‍. ന്യുമോണിയയും പനിയും ബാധിച്ച പെണ്‍ക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top