ഇംഗ്ലണ്ടിൽ റൂണിയുടെ രണ്ടാം പകുതി; ഡെർബി കൗണ്ടിയുടെ പ്ലയർ-കം-കോച്ച് ആകുമെന്ന് റിപ്പോർട്ട്

ഇംഗ്ലീഷ് മുൻ താരം വെയ്ൻ റൂണി ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ കളിക്കാരൻ എന്നതിനൊപ്പം പരിശീലകൻ കൂടി ആയാണ് റൂണി ഇംഗ്ലണ്ടിലെത്തുക. റൂണിയെ ഡബിൾ റോളിൽ ഇറക്കാൻ ഒരുങ്ങുന്നത് ഇംഗ്ലീഷ് ക്ലബ്ബായ ഡെർബി കൗണ്ടിയാണ്. റൂണിയെ ഇരട്ട റോളിൽ എത്തിക്കാൻ ക്ലബ് തയാറാണെന്ന് ഡെർബിയുടെ ഉടമസ്ഥൻ മെൽ മോറിസ് ഇന്നലെ വ്യക്തമാക്കി. ജനുവരിയിൽ റൂണി ഡെർബിയുമായി കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടിലേക്ക് പുതിയ ദൗത്യവുമായി റൂണി എത്തുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഡിസി യുണൈറ്റഡിന്റെ താരമായ റൂണിക്ക് ക്ലബ്ബുമായി രണ്ട് വർഷത്തെ കരാർ കൂടി ശേഷിക്കുന്നുണ്ട്. ഇതിനിടെയാണ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഡെർബിയിലേക്ക് റൂണി എത്തുമെന്ന വാർത്ത പ്രചരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടണ് ടീമുകളുടെ സ്ട്രൈക്കറായിരുന്ന റൂണി നേരത്തെ ഡെർബിയുടെ ട്രെയ്നിംഗ് ഗ്രൗണ്ടിൽ എത്തിയിരുന്നു. ഡെർബിയുടെ നിലവിലെ പരിശീലകൻ ഫിലിപ്പ് കൊകുവുമായി റൂണി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഫ്രാങ്ക് ലംപാർഡ് ചെൽസിയുടെ മാനേജരായതോടെയാണ് കോകു ഡെർബിയുടെ പരിശീലക സ്ഥാനത്ത് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here