Advertisement

കേരളത്തിൽ പന്ത്രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

August 8, 2019
Google News 0 minutes Read

കേരളത്തിൽ പന്ത്രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ്. കേന്ദ്ര ജല കമ്മീഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മുൻ വർഷത്തേതിന് സമാനമായ സാഹചര്യം കേരളത്തിലുണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ വിലയിരുത്തൽ. കേരളത്തിലെ പന്ത്രണ്ട് ജില്ലകൾ കൂടാതെ കർണാടകയിലെ ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ പ്രളയത്തിനുള്ള സാഹചര്യമില്ലെന്നാണ് ജല കമ്മീഷന്റെ വിലയിരുത്തൽ.

അതേസമയം, സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏത് പ്രതിസന്ധി നേരിടാനും സംസ്ഥാനവും സൈന്യവിഭാഗവും സജ്ജമാണ്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ക്യാമ്പുകളിലേയ്ക്ക് മാറാൻ ജനങ്ങൾ മടി കാണിക്കരുത്. 13000 പേർ ക്യാമ്പുകളിലുണ്ട്. രാത്രി എത്താൻ കഴിയുന്ന വിധത്തിൽ ഹെലികോപ്റ്ററുകളെ രക്ഷാപ്രവർത്തനത്തിനായി സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉള്ളവരും മാറിതാമസിക്കാൻ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ ചെറിയ പ്രശ്നങ്ങളെയും ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു. ഇടുക്കി ജില്ലയിൽ മാത്രം 3 പേരാണ് മരിച്ചത്. ചിന്നക്കനാലിൽ മണ്ണിടിഞ്ഞ് വീണ് ഒരു വയസുള്ള കുട്ടി മരിച്ചു. കാഞ്ഞാറിൽ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനിയാണ് മരിച്ച മറ്റൊരാൾ. മറയൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.

വയനാട് മുട്ടിലിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ചിപ്പിലിത്തോടിനടുത്ത് മരുതിലാവിൽ ഉരുൾപൊട്ടലുണ്ടായി. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. രക്ഷാപ്രവർത്തനത്തിനെത്തിയ തഹസിൽദാറും സംഘവും ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here