ഹോങ്കോങില്‍ പ്രതിഷേധം ശക്തമാകുന്നു; രാജ്യത്തെ പാതാളത്തിലേക്ക് തള്ളിയിടരുതെന്ന് പ്രതിഷേധക്കാരോട് ചീഫ് എക്സിക്യുട്ടീവ് കാരി ലാമി

ഹോങ്കോങിനെ പാതാളത്തിലേക്ക് തള്ളിയിടരുതെന്ന് പ്രതിഷേധക്കാരോട് ചീഫ് എക്സിക്യുട്ടീവ് കാരി ലാമിന്റെ അഭ്യര്‍ത്ഥന. അക്രമം ഒരിക്കലും തിരിച്ചുവരാനാകാത്ത സ്ഥിതിയിലേയ്ക്ക് രാജ്യത്തെ തള്ളിയിടുമെന്നും കാരി ലാം മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താസമ്മേളനത്തിനിടെ വൈകാരികമായി പ്രതികരിച്ച കാരി ലാം മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. പൊലീസ് ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും പ്രതിഷേധക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന വാര്‍ത്ത ഹൃദയഭേദകമായിരുന്നെന്ന് പറഞ്ഞ ലാം പക്ഷെ പൊലീസ് നടപടികളെ ന്യായീകരിച്ചു.

ഹോങ്കോങിനെ സുരക്ഷിതമായി നിലനിര്‍ത്തുകയും പ്രതിഷേധങ്ങള്‍ അവസാനിക്കുമ്പോള്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തകയുമാണ് തന്റെ കടമയെന്ന് പറഞ്ഞ ലാം രാജിവെയ്ക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതിനെത്തുടര്‍ന്ന് ഇന്നലെ അടച്ചിട്ട ഹോങ്കോങ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

എന്നാല്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിഷേധം തുടരുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഫ്ളൈറ്റുകള്‍ റദ്ദാക്കപ്പെടാം.  വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More