മലയാളി താരം അനീഷ് തിളങ്ങി; ഇംഗ്ലണ്ടിനെ തോൽപിച്ച് ഇന്ത്യക്ക് ഭിന്നശേഷിക്കാരുടെ ലോകകപ്പ് കിരീടം

ഭിന്നശേഷിക്കാരുടെ ടി-20 ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് കിരീടം. 36 റൺസിനാണ് കലാശപ്പോരിൽ ഇന്ത്യ ജയം കുറിച്ചത്. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 180, ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റിന് 144. മലയാളിതാരമായ ഇടം കൈ സ്പിന്നർ അനീഷ് ഒരു വിക്കറ്റെടുക്കുകയും 2 റണ്ണൗട്ടുകൾക്കു വഴിയൊരുക്കുകയും ചെയ്ത് മികച്ച പ്രകടനം നടത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രവീന്ദ്ര സാന്റെയും സുഗനേഷ് മഹേന്ദ്രൻ്റെയും പ്രകടന മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. 34 പന്തിൽ 53 റൺസെടുത്ത സാന്റെ ഇന്ത്യയുടെ ടോപ്പ് സ്കോററായി. അവസാന ഓവറുകളിൽ തകർത്തടിച്ച സുഗനേഷ് വെറും 11 പന്തിൽ 33 റൺസുമായി ഇന്ത്യൻ ഇന്നിംഗ്സിന് മികച്ച ഫിനിഷിംഗ് നൽകി. ഓപ്പണർ കുനാൽ ഫനാസെ (36) ക്യാപ്റ്റൻ വിക്രാൻ കെനി (29) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ അലക്സ് ബ്രൗണും (44) ജയിംസ് ഗുഡ്‌വിനും (17) ഇംഗ്ലണ്ടിനു മികച്ച തുടക്കം നൽകി. രണ്ടാം വിക്കറ്റിൽ ബ്രൗണും ഫ്ലിന്നും (28) ഇന്ത്യൻ ബോളിങ് നിരയെ അനായാസം നേരിട്ട് 66 റൺസ് കൂട്ടിച്ചേർത്തെങ്കിലും ബ്രൗണിനെ വീഴ്ത്തി സണ്ണി ഗൊയാട്ട് ഇന്ത്യയ്ക്കു ബ്രേക്ക്‌ത്രൂ നൽകി. പിന്നീട് തുടരെത്തുടരെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരം ജയിക്കുകയായിരുന്നു.

സെമിയിൽ പാക്കിസ്ഥാനെ 8 വിക്കറ്റിനു തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഇംഗ്ലണ്ടാവട്ടെ അഫ്ഗാനിസ്ഥാനെയാണ് സെംഫൈനലിൽ തോല്പിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top