റോച്ചിന്റെ ബൗൺസറിൽ തള്ളവിരലിനു പരുക്ക്; സാരമുള്ളതല്ലെന്ന് കോലി

വിൻഡീസ് പേസർ കെമാർ റോച്ചിൻ്റെ ബൗൺസർ ഇടിച്ച് തള്ളവിരലിനേറ്റ പരുക്ക് സാരമുള്ളതല്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ടെസ്റ്റ് പരമ്പരയ്ക്കു മുൻപായി പരുക്ക് ഭേദമാകുമെന്നും കോലി അറിയിച്ചു. പൊട്ടലില്ലെന്ന് മനസ്സിലായതു കൊണ്ടാണ് താൻ തുടർന്ന് ബാറ്റ് ചെയ്തതെന്നും കോലി പറഞ്ഞു.
ഇന്ത്യൻ ഇന്നിംഗ്സിൻ്റെ 27ആം ഓവറിലാണ് റോച്ചിൻ്റെ ബൗൺസർ ഇടിച്ച് കോലിക്ക് പരുക്ക് പറ്റിയത്. തുടർന്ന് ഫിസിയോ വന്ന് അദ്ദേഹത്തെ പരിശോധിച്ചിരുന്നു. പരുക്കേറ്റിട്ടും ബാറ്റിംഗ് തുടർന്ന കോലി ഇന്ത്യയെ വിജയിപ്പിച്ചിട്ടാണ് മടങ്ങിയത്. മത്സരത്തിൽ 99 പന്തുകൾ നേരിട്ട് 114 റൺസെടുത്ത കോലി പുറത്താവാതെ നിന്നിരുന്നു. ഏകദിനങ്ങളിൽ കോലിയുടെ 43ആം സെഞ്ചുറിയായിരുന്നു അത്.
മഴ മൂലം 35 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിൻഡീസ് 240/7 എന്ന സ്കോർ നേടിയപ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 255 റൺസായിരുന്നു. 2.3 ഓവർ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here