മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അപകടം നടക്കുമ്പോള്‍ ശ്രീറാം അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നുവെന്നും,വെള്ളയമ്പലം ഭാഗത്ത് നിന്ന് കാര്‍ എത്തിയത് നിയന്ത്രണം വിട്ടാണെന്നും ബെന്‍സണ്‍ മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘമാണ് ബെന്‍സന്റെ മൊഴിയെടുത്തത്. ബെന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നേരിട്ട് കണ്ട ശാസ്തമംഗലം സ്വദേശി ബെന്‍സന്റെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് കാറോടിച്ചതെന്നും, വെള്ളയമ്പലം ഭാഗത്തു നിന്ന് നിയന്ത്രണം വിട്ടാണ് കാര്‍ വന്നതെന്നും ബെന്‍സണ്‍ വെളിപ്പെടുത്തുന്നു. കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നിറങ്ങിയ ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും ബെന്‍സണ്‍ വെളിപ്പെടുത്തി.
അപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമന്‍ കൂസലില്ലാതെയാണ് പെരുമാറിയതെന്നും ബെന്‍സണ്‍ പറയുന്നു. ഊബര്‍ ഈറ്റ്‌സിലെ ജീവനക്കാരനാണ് ബെന്‍സണ്‍. ജോലി കഴിഞ്ഞു മടങ്ങുന്ന വഴിക്കാണ് അപകടം കണ്ടത്. ശ്രീറാം മദ്യപിച്ചിരുന്നുവെന്നു മറ്റു സാക്ഷികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ബെന്‍സന്റെ മൊഴി നിര്‍ണായകമാവുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
അതിനാല്‍ ബെന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കൂടാതെ കാറിന്റെ വേഗത മനസ്സിലാക്കുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. ഇതിനായി കാര്‍ കമ്പനി പ്രതിനിധികളുടെയും, മോട്ടോര്‍ വാഹനവകുപ്പിന്റെയും സാന്നിധ്യത്തില്‍ ഉടന്‍ വിദഗ്ദ്ധ പരിശോധന നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here