Advertisement

പ്രളയത്തിന്റെ കെടുതികൾക്കിടയിലും പച്ചപ്പിന്റെ പുതിയ പ്രതീക്ഷകളുമായി നാളെ ചിങ്ങമെത്തുന്നു

August 16, 2019
Google News 0 minutes Read

പ്രളയത്തിന്റെ കെടുതികൾക്കിടയിലും പച്ചപ്പിന്റെ പുതിയ പ്രതീക്ഷകളുമായി നാളെ ചിങ്ങമാസമെത്തുന്നു. ദുരന്തപ്പെയ്ത്തിന്റെ ആശങ്കകളുയർത്തി കർക്കിടകം വിടപറയുമ്പോൾ പൊന്നിൻ ചിങ്ങത്തിൽ പുതിയ പ്രതീക്ഷകളോടെ ജീവിതം പടുത്തുയർത്താൻ ഒരുങ്ങുകയാണ് മലയാളികൾ. കേരളത്തിന്റെ ഒരുമയും
സ്‌നേഹവും  എന്തെന്ന് പ്രളയ കാലത്ത് ലോകം കണ്ടതാണ്. പരസ്പരം കൈകോർത്തും പരിധികളില്ലാത്ത സഹായങ്ങളെത്തിച്ചും പ്രളയകാലത്തെ ദുരിതങ്ങളെ അതിജീവിച്ച് മലയാളികൾ മുന്നേറുമ്പോൾ ഈ ചിങ്ങമാസം കൂടുതൽ സമൃദ്ധമാകും.

ചിങ്ങപ്പുലരി പ്രമാണിച്ച്  നാളെ ശബരിമല, ഗുരുവായൂർ തുടങ്ങിയ  ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകളുണ്ടാകും. വലിയ ഭക്തജനത്തിരക്കിനുള്ള സാധ്യത മുൻനിർത്തി ആവശ്യമായ ക്രമീകരണങ്ങൾ ദേവസ്വം അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഗുരുവായൂരിലെ ലോഡ്ജുകളിലൊന്നും മുറികൾ കിട്ടാനില്ലാത്ത വിധം തിരക്കായി കഴിഞ്ഞു.

കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങത്തിലെ ആദ്യ ദിവസം കര്‍ഷകദിനം കൂടിയാണ്. പ്രളയം പെയ്തിറങ്ങിയ കര്‍ക്കിടകത്തിൽ എല്ലാം നഷ്ടപ്പെട്ട് വിലപിക്കുന്ന കര്‍ഷകരക്കൊപ്പമാകട്ടെ ഇത്തവണത്തെ മലയാളിയുടെ ഓണം. മണ്ണിൽ പണിയെടുത്തുണ്ടാക്കിയതെല്ലാം പ്രളയത്തിൽ നഷ്ടമായ കർഷകർക്കൊപ്പം എല്ലാം വീണ്ടെടുക്കാൻ കേരളവും ഒപ്പമുണ്ടാകും. ചിങ്ങപ്പുലരി പിറക്കുന്നതോടെ മലയാളി ഓണത്തെ വരവേല്‍ക്കുകയാണ്. മഴയുടെ ശക്തി കുറയുന്നതും മാനം തെളിഞ്ഞു തുടങ്ങുന്നതും പുത്തന്‍ പ്രതീക്ഷകള്‍ക്കു ചിറകു നല്‍കുന്നു.

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകീട്ട് തുറക്കും. ചിങ്ങമാസ പുലരിയിൽ ശബരിമലയിൽ പുതിയ മേൽശാന്തിയുടെ നറുക്കെടുപ്പും നടക്കും. ശനിയാഴ്ച പുലർച്ചെ ഗണപതി ഹോമത്തിന് ശേഷമാണ് ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക. 9 പേർ വീതമുള്ള രണ്ട് പട്ടികയാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നത്.

ദേവസ്വം വിജിലൻസിന്റെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 18 പേരാണ് ശബരിമല,മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള മേൽശാന്തിമാരുടെ അവസാന പട്ടികയിലുള്ളത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ മാധവ് കെ.വർമ്മയും ,കാഞ്ചനയുമാണ് ഇത്തവണ മേൽശാന്തിമാരെ നറുക്കെടുക്കുക. നേരത്തെ തുലാമാസ പൂജാ സമയത്തായിരുന്നു മേൽശാന്തി നറുക്കെടുപ്പ് നടത്തിയിരുന്നത്.

ശബരിമലയിലെയും മാളികപ്പുറത്തെയും ആചാരങ്ങളിൽ മേൽശാന്തിമാർക്ക് കൂടുതൽ പരീശീലനം നൽകുന്നതിനായി തന്ത്രിയുടെ സമ്മതത്തോടെയാണ് ദേവസ്വം ബോർഡ് മേൽശാന്തി നറുക്കെടുപ്പ് ഇത്തവണ നേരത്തെയാക്കിയത്. മണ്ഡല മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന ദിവസമാണ് നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണം. വൃശ്ചികം ഒന്നിന് ശബരിമലയിലും മാളികപ്പുറത്തും പുതിയ മേൽശാന്തിമാരാണ് നട തുറക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here