ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്; ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി

മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. 5 ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയത്. അതേസമയം അപകടസമയം ശ്രീറാം ഓടിച്ചിരുന്ന വാഹനം അടുത്തയാഴ്ച്ച വിദഗ്ദ്ധ പരിശോധന നടത്തും.
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്തു സംഭവ സ്ഥലത്തുണ്ടായിരുന്ന കൂടുതൽ ദൃക്‌സാക്ഷികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ശ്രീറാമിന്റെ രക്തപരിശോധനാഫലം തിരിച്ചടി ആയെങ്കിലും കൂടുതൽ ദൃക്‌സാക്ഷികളുടെ മൊഴി കൊണ്ട് പ്രതിസന്ധി മറികടക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിനായായാണ് രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതിയെ സമീപിച്ചത്.
Read Also : മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി
ദൃക്‌സാക്ഷികളായ അഞ്ചു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകി. അഞ്ചു ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്നു അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ അപകടത്തിന് ശേഷം ശ്രീറാമിനു കൂസലില്ലായിരുന്നുവെന്നും മൊഴിയുണ്ട്. കേസിൽ അന്വേഷണ സംഘം കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അപകട സമയത്തു ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്നു തെളിയിക്കാൻ കവടിയാർ മുതൽ എൽ.എം.എസ് വരെയുള്ള റോഡിന്റെ വശങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.
പൊലീസ്, മോട്ടർ വാഹന വകുപ്പ്, സ്വകാര്യ സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ ക്യാമറ ദൃശ്യങ്ങളും പരിശോധിക്കും.ഇതിനായി ഈ ഭാഗത്തു ക്യാമറ സ്ഥാപിച്ചിട്ടുള്ള എല്ലാവർക്കും ദൃശ്യങ്ങൾ കൈമാറാൻ പൊലീസ് നോട്ടിസ് നൽകി.വാഹനം അമിതവേഗതയിലായിരുന്നുവെന്നു കണ്ടെത്താൻ ക്രാഷ് ഡേറ്റ റിക്കോർഡർ പരിശോധിച്ചു വിശദ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഷീൻ തറയിൽ കാർ നിർമാതാക്കളുടെ പൂനൈ ഓഫിസിനു കത്തയച്ചിട്ടുണ്ട് . കമ്പനി ഉദ്യോഗസ്ഥർ അടുത്തയാഴ്ചയെത്തി പരിശോധന നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here