പെഹ്‌ലുഖാൻ കേസ്; നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കുടുംബം

പശുക്കടത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട പെഹ്‌ലുഖാന് നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കുടുംബം. കുറ്റാരോപിതരെ വെറുതെ വിട്ട വിചാരണ കോടതി വിധിയിൽ നിരാശയുണ്ടായിരുന്നു. എന്നാൽ നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും പെഹ് ലുഖാന്റെ മൂത്ത മകൻ ഇർഷാദിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കേസിൽ പുനരന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച രാജസ്ഥാൻ സർക്കാറിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു കുടുംബം.
രാജസ്ഥാൻ സർക്കാറിന്റെ പുനരന്വേഷണത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പെഹ്‌ലുഖാന്റെ ഭാര്യ പറഞ്ഞു. രാജസ്ഥാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനമെന്നും അവർ പറഞ്ഞു. പതിനഞ്ച് ദിവസത്തിനുള്ളിൽ കേസിന്റെ റിപ്പോർട്ട് സമർപ്പിക്കാനും പ്രത്യേക അന്വേഷണസംഘത്തിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
പശുക്കടത്ത് ആരോപിച്ച് 2017 ഏപ്രിലിലാണ് ഗോരക്ഷാ പ്രചാരകർ പെഹ്‌ലുഖാനെ തല്ലി കൊന്നത്. വിശ്വഹിന്ദു പരിഷത്തിന്റേയും ബജ്‌റംഗദളിന്റേയും പ്രവർത്തകരാണ് പെഹ്‌ലുഖാനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെഹ്‌ലുഖാൻ ആശുപത്രിയിലാണ് മരിച്ചത്. കുപ്രസിദ്ധമായ കേസിൽ പിടിയിലായ ആറ് പേരെയും കോടതി വെറുതെ വിട്ടിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here