പെഹ്‌ലുഖാൻ കേസ് ബിജെപി സർക്കാർ അട്ടിമറിച്ചത്; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്

പെഹ്‌ലുഖാൻ വധക്കേസ് രാജസ്ഥാനിലെ മുൻ ബിജെപി സർക്കാർ അട്ടിമറിച്ചതാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പ്രതികളെ വെറുതെ വിടാനുണ്ടായ സാഹചര്യമുണ്ടാക്കിയത് മുൻ സർക്കാരാണ്. കേസിൽ മുൻ സർക്കാരിന്റെ പങ്കും അനാസ്ഥയും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി.
പെഹ്‌ലുഖാൻ കേസ് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുൻ സർക്കാരിന്റെ പങ്ക് പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചത്.
ഹരിയാന സ്വദേശിയായ പെഹ്‌ലുഖാനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളേയും കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജസ്ഥാനിലെ ആൽവാറിൽവച്ച് പെഹ്‌ലുഖാനെ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റേയും ബജ്‌റംഗദളിന്റേയും പ്രവർത്തകരാണ് പെഹ്‌ലുഖാനെ ആക്രമിച്ചത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പെഹ്‌ലുഖാൻ മരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here