Advertisement

ഗൃഹാതുരതയിൽ തരംഗമായി തണ്ണീർമത്തൻ ദിനങ്ങൾ; ബോക്സോഫീസിൽ നിന്ന് നേടിയത് 30 കോടി

August 19, 2019
Google News 1 minute Read

നവാഗതനായ ഗിരീഷ് എഡി അണിയിച്ചൊരുക്കിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 30 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷനിലേക്ക് എത്തിക്കഴിഞ്ഞുവെന്ന് റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റുകളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 1.75 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയിച്ചൊരുക്കിയിരുന്നത്. യുഎഇ-ജിസിസി ബോക്‌സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ടു കോടിയോളം രൂപയ്ക്ക് നേരത്തെ എഷ്യാനെറ്റ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു. സിനിമയുടെ ടോട്ടല്‍ ബിസിനസില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഇതിനകം 20 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് എന്നും കണക്കാക്കപ്പെടുന്നു. ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാം സിനിമയെ ഏറെ സഹായിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

മഴക്കെടുതിയിൽ കേരളം വിറങ്ങലിച്ചപ്പോഴും പുറത്ത് മികച്ച പ്രകടനം തുടർന്ന ചിത്രം 25 ദിവസങ്ങൾ കൊണ്ടാണ് 30 കോടിയിലെത്തിയത്. ഇക്കൊല്ലം തീയറ്ററുകളിൽ നിന്നും ഏറെ നേട്ടമുണ്ടാക്കിയ ചിത്രങ്ങളിൽ നാലാമതാണ് തണ്ണീർമത്തൻ ദിനങ്ങൾ. ലൂസിഫർ, മധുരരാജ, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഉള്ളത്.

തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയിരുന്നു. അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീതിന്റെയും ശ്രദ്ധേയ പ്രകടനം സിനിമയില്‍ തന്നെയായിരുന്നു. അധ്യാപകനായിട്ടാണ് വിനീത് ചിത്രത്തില്‍ എത്തിയിരുന്നത്. ജെയ്സണ്‍ എന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ മൂന്ന് പ്രധാന പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രമേയം.

അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. മൂക്കുത്തി, വിശുദ്ധ ആംബ്രോസേ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ നേരത്തെ ശ്രദ്ധേയനായ ആളാണ് ഗിരീഷ്. ഗിരീഷിനൊപ്പം ദിനോയ് പൗലോസ് കൂടി ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ഇര്‍ഷാദ്,നിഷ സാരംഗ്,ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.

പ്ലാൻ ജെ സ്റ്റുഡിയോസ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമോൻ ടി ജോണും വിനോദ് ഇല്ലമ്പള്ളിയും ചേർന്നാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ഷെമീര്‍ മുഹമ്മദാണ് എഡിറ്റിങ്. ജസ്റ്റിന്‍ വര്‍ഗീസ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here