മഴക്കെടുതിയിൽ കേരളത്തെ തഴഞ്ഞ് കേന്ദ്രം; അടിയന്തര ധനസഹായമില്ല

മഴക്കെടുതി നേരിടാൻ കേരളത്തിന് മാത്രം പ്രത്യേകം കേന്ദ്രസഹായമില്ല. പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് പ്രത്യേകം സഹായമില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി. 24 സംസ്ഥാനങ്ങൾക്കായി 6104 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രളയക്കെടുതിയിൽ ഏറ്റവും അധികം നഷ്ടം സംഭവിച്ചത് കേരളത്തിനാണ്. മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസത്തിന് പണം വകയിരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പ്രളയം നേരിട്ട സംസ്ഥാനങ്ങളിൽ സമിതി സന്ദർശനം നടത്തും. അതിന് ശേഷമാണ് പണം ഏതൊക്കെ സംസ്ഥാനത്തിന് നൽകണമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ. അസം, മേഘാലയ, ത്രിപുര, ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാകും സന്ദർശനം നടത്തുക.
നേരത്തേ അമിത് ഷായുടെ നേതൃത്വത്തിൽ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങിൽ വ്യോമ നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങൾക്കും അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രളയം ദുരന്തം വിതച്ച കേരളത്തിൽ അമിത് ഷാ സന്ദർശനം നടത്താത്തത് മനപൂർവമാണെന്ന ആക്ഷേപം ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here