രാത്രിയുള്ള എടിഎം സേവനങ്ങൾക്ക് എസ്ബിഐ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

രാത്രിയുള്ള എടിഎം സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി എസ്ബിഐ. രാത്രി 11 മണിക്കും വെളുപ്പിന് 6 മണിക്കും ഇടയിലുള്ള എസ്ബിഐ എടിഎം ട്രാൻസാക്ഷനുകൾക്ക് വിലക്കേർപ്പെടുത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ബാങ്ക് അധികൃതർക്ക് ഇതുവരെ ഇത് സംബന്ധിച്ച നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഈ സമയത്താണ് ഏറ്റവും കൂടുതൽ മോഷണ ശ്രമങ്ങൾ നടക്കുന്നത്. ഇതിനൊരു പരിഹരമായാണ് പുതിയ നടപടി. എന്നാൽ അർധരാത്രി പണം പിൻവലിക്കേണ്ട അടിയന്തരഘട്ടം വന്നാൽ നടപടി ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കും.
നിലവിൽ എസ്ബിഐ എടിഎമിൽ നിന്നും ട്രാൻസ്ഫർ ചെയ്യാവുന്ന തുകയുടെ പരിധി 40,000 ആണ്.
Read Also : ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം !
നേരത്തെ എടിഎം കാർഡില്ലാതെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനുള്ള സേവനം എസ്ബിഐ ചില എടിഎമ്മുകളിൽ ലഭ്യമാക്കിയിരുന്നു. നിലവിൽ 16,500 എടിഎമ്മുകളിൽ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളു. അടുത്ത 34 മാസങ്ങൾക്കുള്ളിൽ രാജ്യത്തെ 60,000 എടിഎമ്മുകളിൽ സേവനം ലഭ്യമാക്കുമെന്ന് ചെയർമാൻ രജ്‌നീഷ് കുമാർ പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു മില്യൺ എടിഎമ്മുകളിലും സേവനം ലഭ്യമാക്കും.
ഈ സേവനം ലഭ്യമാകുന്നതിന് ഫോണിൽ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷൻ വേണം. യോനോ ആപ്പിൽ ക്യാഷ് വിഡ്രോവൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആറ് അക്ക ഒടിപി ലഭിക്കും. അരമണിക്കൂർ വരെയാണ് ഈ ഒടിപി ഉപയോഗിക്കാൻ കഴിയുകയുള്ളു. എസ്ബിഐ എടിഎമ്മിൽ എത്തിയ ശേഷം യോനോ പിന്നും ഈ ഒടിപിയും എന്റർ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്.
Read Also : നെറ്റ് ബാങ്കിംഗിന് ഇനി മുതൽ സർവീസ് ചാർജില്ല; എടിഎം സർവീസ് ചാർജും കുറഞ്ഞേക്കും
ഒരു ഡിവൈസിൽ മാത്രമാണ് നിലവിൽ സേവനം പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളു. സുരക്ഷയുടെ ഭാഗമായാണ് ഈ നിയന്ത്രണം. മാത്രമല്ല ആറ് അക്ക ഒടിപി നൽകുന്നതും സെക്യൂരിറ്റിയുടെ ഭാഗമായാണ്. ഇത്തരം ട്രാൻസാക്ഷനിലൂടെ 10,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളു. ഇത്തരം രണ്ട് ട്രാൻസാക്ഷൻ മാത്രമേ ഒരു ദിവസം സാധിക്കുകയുള്ളു.
എസ്ബിഐ യോനോ ആപ്പിന് 7 മില്യൺ ഉപഭോക്താക്കളാണ് ഉള്ളത്. എസ്ബിഐ എനിവെയർ ആപ്ലിക്കേഷന് 10 മില്യണിലധികം ഉപഭോക്താക്കളും. നിലവിൽ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കുന്നതിനെ കുറിച്ച് ബാങ്ക് ആലോചിച്ചുവരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here