Advertisement

‘ഐഎൻഎക്‌സ് മീഡിയ കേസിൽ പ്രതിയല്ല; എഫ്‌ഐആർ എനിക്കെതിരല്ല ‘ : പി ചിദംബരം

August 21, 2019
Google News 1 minute Read

ഐൻെഎക്‌സ് മീഡിയ കേസിൽ താൻ പ്രതിയല്ലെന്നും എഫ്‌ഐആർ തനിക്കെതിരല്ലെന്നും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ
പി ചിദംബരം. ഇപ്പോൾ നടക്കുന്നത് പ്രതികാര നടപടിയാണെന്നും തനിക്കും മകനുമെതിരെ നടക്കുന്നത് കള്ളപ്രചരണമാണെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിക്കാണിച്ചുകൊണ്ടും പൗര സ്വാതന്ത്ര്യം ഉയർത്തിക്കാണിച്ചുകൊണ്ടുമായിരുന്നു ചിദംബരത്തിന്റെ വാർത്താ സമ്മേളനം. വെള്ളിയാഴ്ച്ച വരെ താൻ സ്വതന്ത്രനാണെന്നും ചിദംബരം പറഞ്ഞു. ചിദംബരം ഒളിവിലാണെന്ന റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഇപ്പോൾ ചിദംബരം മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 21പ്രകാരം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നും ഐഎൻഎക്‌സ് മീഡിയ കേസ് ഇതുവരെ കുറ്റപത്രം സമർപ്പിക്കപ്പെടാത്ത കേസാണെന്നും ചിദംബരം പറഞ്ഞു. സർക്കാർ നുണ പ്രചരിപ്പിക്കുകയാണെന്നും, ഒളിവിലാണെന്ന് വ്യാജ പ്രചരണമാണെന്നും ചിദംബരം പറഞ്ഞു.

അതേസമയം, പി ചിദംബരത്തെ തേടി സിബിഐ എഐസിസി ആസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. കേസിൽ ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കില്ലെന്ന കോടതി ഉത്തരവ് വന്നതിന് പിന്നാലെ ചിദംബരത്തെ തേടുകയായിരുന്നു സിബിഐ സംഘം.

Read Also : പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു; ജാമ്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല

നേരത്തെ ഡൽഹിയിലെ ജോർബാഗിലുള്ള ചിദംബരത്തിന്റെ വസതിയിലെത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സിബിഐ നീക്കം നടത്തിയിരുന്നു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പത്തരവരെ കാത്തിരിക്കണമെന്നും ചിദംബത്തിന്റെ അഭിഭാഷകൻ സൽമാൻ ഖുർഷിദ് പറഞ്ഞു. എന്നാൽ കോടതി ഇന്ന് കേസ് പരിഗണിക്കാതെ വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം രാവിലെയും ദസ്റ്റിസ് രമണ നിരാകരിച്ചിരുന്നു. തുടർന്ന് വിഷയം ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു. എന്നാൽ അയോധ്യ കേസിൽ വാദം കേൾക്കുകയായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് ഹർജി പരിഗണിച്ചില്ല. തുടർന്ന് അഭിഭാഷകൻ സൽമാൻ ഖുർഷിദ് ഹർജിയുമായി വീണ്ടും ജസ്റ്റിസ് രമണയെ സമീപിക്കുകയായിരുന്നു.

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎൻഎക്‌സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസിൽ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന നിലപാടാണ് സിബിഐക്കുമുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here