ദേശീയ സീനിയർ അത്‌ലറ്റിക്സ് മീറ്റ്; കേരള ടീം ഇന്നു പുറപ്പെടും

ദേശീയ സീനിയർ അത്‌ലറ്റിക്‌സിനുള്ള കേരള ടീം ഇന്ന് പുറപ്പെടും. പാലക്കാടുനിന്ന് പകൽ ഒന്നരയ്‌ക്കുള്ള രപ്‌തിസാഗർ എക്‌സ്‌പ്രസിനാണ് ടീം പുറപ്പെടുക. മൂന്നു ദിവസമായി പാലക്കാട് പരിശീലന ക്യാമ്പിലായിരുന്നു അത്‌ലീറ്റുകൾ. 15 താരങ്ങൾ ദേശീയ ക്യാമ്പിലാണ്. ഇവർ നേരിട്ടെത്തും. ലഖ്‌നൗവിൽ 27 മുതൽ 30 വരെയാണ് മീറ്റ്.
ആകെ 58 അത്‌ലീറ്റുകളാണ് കേരളത്തിനായി കളത്തിലിറങ്ങുക. അന്തിമ പട്ടികയിലുണ്ടായിരുന്ന വി കെ വിസ്‌മയ, വി കെ ശാലിനി എന്നിവർ മത്സരിക്കുന്നില്ല. ഇവർ ചെക്ക് റിപ്പബ്ലിക്കിലാണ്. എം ശ്രീശങ്കർ, ജിൻസൺ ജോൺസൺ, പി യു ചിത്ര, നീന പിന്റോ, കെ ടി ഇർഫാൻ, ടി ഗോപി, അബിത മേരി മാനുവൽ, ജിസ്‌ന മാത്യു, ജെസി ജോസഫ്, മുഹമ്മദ് അഫ്‌സൽ, മെയ്‌മോൻ പൗലോസ് തുടങ്ങിയവരുൾപ്പെട്ട ശക്തമായ നിരയാണ് കേരളത്തിന്.
മലയാളി താരങ്ങളായ നയന ജയിംസ് തമിഴ്‌നാടിനായും മരിയ ജയ്‌സൺ കർണാടകത്തിനായും മത്സരിക്കും. ഒരുപിടി ജൂനിയർ താരങ്ങളും ടീമിലുണ്ട്.
പി പി പോൾ ആണ് ടീമിന്റെ മുഖ്യ പരിശീലകൻ. ആർ ജയകുമാറാണ് മറ്റൊരു പരിശീലകൻ. സി കവിത, എം രാമചന്ദ്രൻ, വി സി അലക്‌സ് എന്നിവരാണ് ടീം മാനേജർമാർ.
ദോഹയിൽ സെപ്‌തംബർ 26ന് ആരംഭിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള അവസാന അവസരമാണ് സീനിയർ മീറ്റ്. സെപ്‌തംബർ അഞ്ചിന് ഏഷ്യൻ ഗ്രാൻഡ് പ്രീ നടക്കുന്നുണ്ടെങ്കിലും മത്സര ഇനങ്ങൾ കുറവാണ്. ഇതിനകം എട്ടുപേർ മാത്രമേ യോഗ്യതാ മാർക്ക് കടന്നിട്ടുള്ളൂ. ഹിമാ ദാസ്, ദ്യുതി ചന്ദ് എന്നിവരുൾപ്പെടെയുള്ള രാജ്യാന്തര താരങ്ങൾ ലോക ചാമ്പ്യൻഷിപ് യോഗ്യതയ്‌ക്കാണ് ഇറങ്ങുന്നത്.കഴിഞ്ഞവർഷം മൂന്നാം സ്ഥാനമായിരുന്നു കേരളത്തിന്. ഹരിയാനയായിരുന്നു ചാമ്പ്യൻമാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here