അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം നാളെ

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം നാളെ. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ബിജെപി ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകീട്ട് നികമ്പൂര്‍ഘട്ടില്‍ നടക്കും.
ആഗസ്റ്റ് ഒന്‍പതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റിലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി സന്ദര്‍ശനം നടത്തിയിരുന്നു. മരണത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആഭ്യന്തരമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. യുഎഇ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി ജെയ്റ്റിലിയുടെ കുടുംബവുമായി ഫോണില്‍ സംസാരിച്ചു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായും പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ച ജെയ്റ്റിലി 1999ലെ വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണത്തിന്റെയും നിയമമന്ത്രാലയത്തിന്റെയും ചുമതല വഹിച്ചിട്ടുണ്ട്.
1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമായി. 2002ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയും ദേശീയ വക്താവുമായി. 2009 മുതല്‍ 14 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 1989ല്‍ വിപി സിങ് മന്ത്രിസഭയുടെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ടിട്ടുണ്ട്. നോട്ടു നിരോധനവും ജിഎസ്ടിയും അടക്കമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ധനമന്ത്രിയാണ് വിട വാങ്ങിയത്. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനവും നടപ്പിലാക്കിയത് ജെയ്റ്റ്‌ലിയുടെ മേല്‍നോട്ടത്തിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here