Advertisement

ആഷസ്: ബെൻ സ്റ്റോക്സിന്റെ ഒറ്റയാൾ പോരാട്ടം; ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്റെ അവിസ്മരണീയ ജയം

August 26, 2019
Google News 0 minutes Read

ആഷസ് പരമ്പരയുടെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് ഒരു വിക്കറ്റിൻ്റെ അവിസ്മരണീയ ജയം. 135 റൺസെടുത്ത് പുറത്താവാതെ നിന്ന ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. അർദ്ധസെഞ്ചുറികൾ നേടിയ നായകൻ ജോ റൂട്ടും ജോ ഡെൻലിയും സ്റ്റോക്സിന് മികച്ച പിന്തുണ നൽകി. 4 വിക്കറ്റെടുത്ത ജോഷ് ഹേസൽവുഡാണ് ഓസീസ് ബൗളർമാരിൽ തിളങ്ങിയത്.

രണ്ടാം ഇന്നിംഗ്സിൽ 246 റൺസിന് ഓൾ ഔട്ടായ ഓസ്ട്രേലിയ ഇംഗ്ലണ്ടിനു മുന്നിൽ വെച്ചത് 359 റൺസിൻ്റെ വിജയലക്ഷ്യം. 15 റൺസെടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റിൽ ജോ ഡെൻലിയും ജോ റൂട്ടും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേർന്ന് 126 റൺസ് കൂട്ടിച്ചേർത്തു. 50 റൺസെടുത്ത ഡെൻലിയെ പുറത്താക്കിയ ഹേസൽവുഡ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. ഏറെ വൈകാതെ റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് മടങ്ങി. ലിയോണാണ് റൂട്ടിനെ പുറത്താക്കിയത്.

തുടർന്ന് അഞ്ചാം വിക്കറ്റിൽ ജോണി ബെയർസ്റ്റോ (36)യുമായി ചേർന്ന് ബെൻ സ്റ്റോക്സ് രക്ഷാപ്രവർത്തനത്തിനു തുക്കമിട്ടെങ്കിലും 86 റൺസ് നീണ്ട കൂട്ടുകെട്ടിനിടെ ബെയർസ്റ്റോ മടങ്ങി. ജോസ് ബട്‌ലർ (1), ക്രിസ് വോക്സ് (1), ജോഫ്ര ആർച്ചർ (15), സ്റ്റുവർട്ട് ബ്രോഡ് (0) എന്നിവർ കൂടി വേഗം മടങ്ങിയതോടെ ഇംഗ്ലണ്ട് തോൽവി ഉറപ്പിച്ചു. ഒരു അവിശ്വസനീയ ഇന്നിംഗ്സ് കൊണ്ടു മാത്രമേ പിന്നീട് ഇംഗ്ലണ്ടിനു രക്ഷയുണ്ടായിരുന്നുള്ളൂ. ആ ദൗത്യം സ്റ്റോക്സ് ഏറ്റെടുത്തു.

അവസാന വിക്കറ്റിൽ ഇംഗ്ലണ്ടിനു ജയിക്കാൻ വേണ്ടത് 74 റൺസ്. തോൽക്കാൻ തയ്യാറാവാതിരുന്ന സ്റ്റോക്സ് പിന്നീടു നടത്തിയത് ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായിരുന്നു. ജാക്ക് ലീച്ചിനെ ഒരറ്റത്തു നിർത്തി സ്റ്റോക്സ് ആക്രമണ ചുമതല ഏറ്റെടുത്തു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തിയ അദ്ദേഹം ഓസീസ് ബൗളർമാർക്ക് സെറ്റാവാൻ അവസരം നൽകിയില്ല. ഇതിനിടയിൽ സ്റ്റോക്സ് തൻ്റെ സെഞ്ചുറിയും കണ്ടെത്തി. ഒടുവിൽ പാറ്റ് കമ്മിൻസ് എറിഞ്ഞ 126ആം ഓവറിലെ നാലാം പന്ത് കട്ട് ചെയ്ത് പോയിൻ്റിലൂടെ ബൗണ്ടറിയടിച്ച സ്റ്റോക്സ് ഇംഗ്ലണ്ടിനു ജയം സമ്മാനിച്ചു. 76 റൺസ് നീണ്ട അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ജാക്ക് ലീച്ച് നേടിയത് വെറും ഒരു റൺ മാത്രമാണ്. അതും 17 പന്തുകൾ നേരിട്ട്!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here